ക്രിക്കറ്റ് ഗ്രൗണ്ടിൽ വീണ്ടും അപകടം വിതച്ച് ബൗൺസർ; ഇത്തവണ ഇരയായത് റസൽ

ക്രിക്കറ്റ് ഗ്രൗണ്ടിൽ ബൗൺസറുകളേറ്റുള്ള പരിക്ക് തുടരുന്നു. ഏറ്റവും അവസാനമായി വിൻഡീസ് ഓൾറൗണ്ടർ ആന്ദ്രേ റസലാണ് ബൗൺസർ തലയിടിച്ച് ഗ്രൗണ്ടിൽ വീണത്. കരീബിയൻ പ്രീമിയർ ലീഗിൽ സെന്റ് ലൂസിയ സൂക്സിനെതിരായ മത്സരത്തിൽ ബാറ്റ് ചെയ്യുമ്പോളായിരുന്നു ജമൈക്ക തലവാസ് താരമായ റസലിന് പരിക്കേറ്റത്.
സെൻ്റ് ലൂസിയ പേസ് ബൗളർ ഹാർഡസ് വിൽജോവൻ്റെ ബൗൺസറേറ്റാണ് റസലിനു പരിക്ക് പറ്റിയത്. സബീനപാർക്കിൽ നടന്ന മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിലായിരുന്നു സംഭവം. വിൽജോവനെറിഞ്ഞ പതിനാലാം ഓവറിലെ ബൗൺസർ റസലിന്റെ വലത് കണ്ണിന് സമീപത്തായി കൊള്ളുകയായിരുന്നു. പന്ത് കൊണ്ടയുടൻ തന്നെ റസൽ നിലത്തേക്ക് കിടന്നു. തുടർന്ന് സഹതാരങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹം ഹെൽമറ്റ് ഊരി മാറ്റിയത്.
സംഭവത്തിന് പിന്നാലെ മെഡിക്കൽ സ്റ്റാഫുകൾ ഗ്രൗണ്ടിൽ ഓടിയെത്തുകയും നടന്ന് പോകാൻ വയ്യാതിരുന്ന താരത്തെ സ്ട്രെച്ചർ ഉപയോഗിച്ച് ഗ്രൗണ്ടിന് പുറത്തേക്ക് കൊണ്ട് പോവുകയും ചെയ്തു. പിന്നീട് താരത്തെ സ്കാനിംഗിനായി ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന വിവരം ലഭിച്ചിട്ടില്ല.
സമീപകാലത്തായി ക്രിക്കറ്റ് ഗ്രൗണ്ടിൽ ബൗൺസറുകൾ അപകടം വിതയ്ക്കുന്ന പതിവ് തുടർക്കഥയാവുകയാണ്. 2014ൽ ഓസീസ് ബാറ്റ്സ്മാൻ ഫിൽ ഹ്യൂസ് ബൗൺസറേറ്റ് മരണപ്പെട്ടിരുന്നു. തുടർന്ന് രണ്ട് ആഭ്യന്തര താരങ്ങളും കളിക്കളത്തിൽ മരണപ്പെട്ടു. ശേഷം ഓസീസ് താരങ്ങളായ ഉസ്മാൻ ഖവാജ, സ്റ്റീവ് സ്മിത്ത് തുടങ്ങിയവരും ബൗൺസറേറ്റ് കളം വിട്ടിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here