വിഴുങ്ങിയ ശേഷം പെരുമ്പാമ്പ് ജീവനോടെ പുറത്തേക്ക് തുപ്പി; അവിശ്വസനീയ രക്ഷപ്പെടലുമായി ഉടുമ്പ്: വീഡിയോ

വീടിനുള്ളില്‍ വമ്പന്‍ പെരുമ്പാമ്പിനെ കണ്ടതോടെയാണ് തായ്‌ലന്‍ഡ് സ്വദേശിയായ വൃദ്ധ സഹായത്തിന് വിളിക്കുന്നത്. വീര്‍ത്ത വയറുമായി ക്ഷീണത്തിലായിരുന്നു പാമ്പ്. പാമ്പിനെ വല്ല വിധേനയും പിടിക്കാൻ ശ്രമിക്കുന്നതിനിടെ അതിൻ്റെ വായിൽ നിന്ന് ഉടുമ്പ് പുറത്തു ചാടുന്നതു കണ്ട ആളുകൾ ഞെട്ടി. ഉടുമ്പിന് ജീവനുണ്ടെന്നറിഞ്ഞതോടെ അത്ഭുതവുമായി. അവിശ്വസനീയമായ അതിജീവനത്തിൻ്റെ പ്രതീകമായ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.
സെപ്റ്റംബര്‍ 12നാണ് ബാങ്കോങ്ങിലെ വീട്ടില്‍ വലിയ പാമ്പിനെ കണ്ടെത്തുന്നത്. തുടര്‍ന്ന് പാമ്പിനെ പിടിക്കാനായി രക്ഷാ സേന എത്തി. അപ്പോഴേക്കും ഉടുമ്പിനെ പൂര്‍ണമായും പെരുമ്പാമ്പ് വിഴുങ്ങിയിരുന്നു. ഓടി രക്ഷപ്പെടാന്‍ പെരുമ്പാമ്പ് പഠിച്ച പണി പതിനെട്ടും നോക്കിയെങ്കിലും രക്ഷാസേന അതിന് അനുവദിച്ചില്ല. ഇതോടെ വിഴുങ്ങിയ ഉടുമ്പിനെ പുറത്തേക്ക് തുപ്പുകയായിരുന്നു. ജീവനോടെയായിരുന്നു ഉടുമ്പിനെ പുറത്തേക്ക് വിട്ടത്. ആദ്യം അബോധാവസ്ഥയിലായിരുന്ന ഉടുമ്പ് പതിയെ അനങ്ങാന്‍ തുടങ്ങി. ജീവന്‍ തിരിച്ചുകിട്ടിയതോടെ പാമ്പിന് അടുത്തുനിന്ന് രക്ഷപ്പെടാനായി പരക്കം പായുകയായിരുന്നു ഉടുമ്പ്.
പെരുമ്പാമ്പ് വിഴുങ്ങിയ ഒരു ജീവി ജീവനോടെ പുറത്തേക്ക് വരുന്നത് വളരെ അപൂര്‍വ്വമാണ്. തന്റെ 10 വര്‍ഷത്തെ സര്‍വീസീല്‍ ആദ്യമായി ഇത്തരം സംഭവത്തിന് സാക്ഷിയാകുന്നത് എന്നാണ് രക്ഷാസേനയിലുണ്ടായിരുന്ന സോംജെദ് പറയുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here