പ്രചരണത്തിൽ ആത്മാർത്ഥമായി പങ്കെടുക്കുമെന്ന് പി ജെ ജോസഫ്; നീരസം പ്രകടിപ്പിച്ച് ജോസ് കെ മാണി

ഭിന്നത മാറ്റിവച്ച് പാലാ ഉപതെരഞ്ഞെടുപ്പ് ഒറ്റക്കെട്ടായി നേരിടാൻ യുഡിഎഫ് നേതൃയോഗത്തിൽ തീരുമാനം. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, പി ജെ ജോസഫ്, ജോസ് കെ മാണി ഉൾപ്പെടെ പാലായിൽ ചേർന്ന മുന്നണി നേതൃയോഗത്തിൽ പങ്കെടുത്തു. പ്രചരണത്തിൽ ആത്മാർത്ഥമായി പങ്കെടുക്കുമെന്ന് പി ജെ ജോസഫ് പറഞ്ഞു. രണ്ടില ചിഹ്നം കിട്ടാത്തതിലുള്ള നീരസം ജോസ് കെ മാണി യോഗത്തിൽ പരോക്ഷമായി പ്രകടിപ്പിക്കുകയും ചെയ്തു
യുഡിഎഫ് കൺവെൻഷന് നേരിട്ട അപമാനം പി ജെ ജോസഫിന് ഇക്കുറി നേരിടേണ്ടി വന്നില്ല. ചിരിച്ചും കൈകൊടുത്തും ജോസഫിനെ, ജോസ് കെ മാണി നേരിട്ട് സ്വീകരിച്ചു. അഭിപ്രായ ഭിന്നതകൾ അവസാനിപ്പിക്കണമെന്നും തെരഞ്ഞെടുപ്പ് ഒറ്റക്കെട്ടായി നേരിടണമെന്നും യുഡിഎഫ് നേതൃയോഗം ആവശ്യപ്പെട്ടു. പ്രചാരണത്തിൽ നിന്നും വിട്ട് നിന്നിരുന്ന പി ജെ ജോസഫ്, എ കെ ആന്റണി പങ്കെടുക്കുന്ന യുഡിഎഫ് യോഗത്തിൽ പങ്കെടുക്കാൻ ധാരണയായി.
അതേസമയം, പാലാ കണ്ട് പരിചയിച്ച ചിഹ്നം ഇല്ലാത്തതും സ്വതന്ത്ര സ്ഥാനാർഥി ആയതിനാൽ വോട്ടിംഗ മെഷീനിൽ പേര് താഴേക്ക് പോയതും കൂടുതൽ ശ്രദ്ധിക്കണം എന്ന് നേതൃയോഗത്തിൽ ജോസ് കെ മാണി ആവശ്യപ്പെട്ടു. രണ്ടില ചിഹ്നം കിട്ടാത്തതിലുള്ള നീരസം അവശേഷിക്കുന്നുവെന്ന് വ്യക്തമെങ്കിലും മാധ്യമങ്ങൾക്ക് മുന്നിൽ അത് തുറന്നുകാട്ടാൻ ജോസ് കെ മാണി തയ്യാറായില്ല.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി, യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ തുടങ്ങിയ നേതാക്കൾ നേതൃയോഗത്തിൽ പങ്കെടുത്തു. പ്രചരണത്തിന്റെ നേതൃത്വം പൂർണമായും കോൺഗ്രസ് ഏറ്റെടുത്തതിന്റെ സൂചന കൂടിയായി യോഗം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here