ഭാര്യയെ കൊലപ്പെടുത്തിയ കേസ്; ബിജു രാധാകൃഷ്ണനെ വെറുതെവിട്ട നടപടി റദ്ദാക്കണമെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ

ഭാര്യ രശ്മിയെ കൊലപ്പെടുത്തിയ കേസിൽ സോളർ പ്രതി ബിജു രാധാകൃഷ്ണനെ വെറുതെവിട്ട നടപടി റദ്ദാക്കണമെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ. ബിജു രാധാകൃഷ്ണനും അമ്മ രാജമ്മാളിനുമെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
സ്ത്രീധന പീഡനം കാരണമുണ്ടായ കൊലപാതകമെന്ന വശം ഹൈക്കോടതി പരിഗണിച്ചില്ല. സരിത എസ് നായരുമായുള്ള ബന്ധത്തിന് തടസമായതിനാൽ രശ്മിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നും സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കി.
ഇക്കഴിഞ്ഞ ഏപ്രിൽ 12 നാണ് ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ബിജു രാധാകൃഷ്ണനെ ഹൈക്കോടതി വെറുതെവിട്ടത്. ബിജുവിന്റെ അമ്മ രാജമ്മാളിനെയും കോടതി വെറുതെ വിട്ടിരുന്നു. ഇരുവരും കുറ്റക്കാരാണെന്ന് കണ്ടെത്തിയ കൊല്ലം അഡിഷണൽ സെഷൻസ് കോടതിയുടെ വിധി റദ്ദാക്കിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. പ്രതികൾ കുറ്റക്കാരാണെന്ന് സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
രശ്മി വധക്കേസിൽ ബിജു രാധാകൃഷ്ണന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും രാജമ്മാളിന് സ്ത്രീധന പീഡനക്കേസിൽ പരമാവധി ശിക്ഷയായ മൂന്നു വർഷം തടവും 50000 രൂപ പിഴയുമാണ് വിചാരണക്കോടതി വിധിച്ചിരുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here