ക്രിക്കറ്റ് ‘ജെന്റിൽമാൻസ്’ ഗെയിം മാത്രമല്ല; വനിതകളെയും കൂടി പരിഗണിക്കണമെന്ന് സ്മൃതി മന്ദാന

കളിക്കളത്തിലെ ജെൻഡർ സ്റ്റീരിയോടൈപ്പുകൾക്കെതിരെ പ്രതികരിച്ച് ഇന്ത്യൻ താരം സ്മൃതി മന്ദാന. ഓരോ രാജ്യത്തിനും ശക്തമായ വനിതാ ക്രിക്കറ്റ് ടീം ഉണ്ടായിരിക്കുന്ന ഈ സമയം പോലും ക്രിക്കറ്റിനെ ജെന്റിൽമാൻസ് ഗെയിം എന്ന് തന്നെയാണ് പറയുന്നതെന്നാണ് മന്ദാന ചൂണ്ടിക്കാട്ടിയത്. അത് മാറി വനിതകളെയും പരിഗണിക്കണമെന്ന് ഇന്ത്യൻ ഓപ്പണർ പറയുന്നു.
“പെണ്ണ്, ആണ് എന്നിങ്ങനെ വ്യത്യാസം കാണാത്ത കുടുംബത്തില്‍ നിന്ന് വന്നതാണ് എന്റെ ഭാഗ്യം. എന്റെ ജീവിതം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ടായി. എന്റെ തീരുമാനങ്ങള്‍ക്കെല്ലാം എന്റെ കുടുംബത്തിന്റെ പിന്തുണയുണ്ടായി. എന്നാല്‍, വീടിന് പുറത്തേക്കിറങ്ങി കഴിഞ്ഞാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് സമൂഹമത്തിന്റെ കാഴ്ചപ്പാടുകള്‍ എന്ന് കാണാം”- മന്ദാന പറയുന്നു.
“സ്ത്രീകള്‍ ഇങ്ങനെയാണ് പെരുമാറേണ്ടത് എന്ന് പറഞ്ഞ് സമൂഹം ചിലത് ചിട്ടപ്പെടുത്തി വെച്ചിട്ടുണ്ട്. ഞാന്‍ തെരഞ്ഞെടുത്ത ക്രിക്കറ്റ് സമൂഹം ചിട്ടപ്പെടുത്തി ആ പെരുമാറ്റങ്ങള്‍ക്കൊന്നും ഇണങ്ങിയതല്ല. സ്ത്രീ ആയതില്‍ അഭിമാനിക്കുന്നു, സ്ത്രീ ആയത് പ്രൊഫഷന്‍ തെരഞ്ഞെടുക്കുന്നതില്‍ ഏതെങ്കിലും തരത്തില്‍ ബാധിക്കുമെന്ന് വിശ്വസിക്കുന്നില്ല. മാനസികമായ ധൈര്യമാണ് പ്രൊഫഷന്‍ തെരഞ്ഞെടുക്കാന്‍ ശക്തി തരുന്നത്.”- മന്ദാന കൂട്ടിച്ചേർത്തു.
അച്ഛന്റേയും സഹോദരന്റേയും സ്വാധീനമാണ് തന്നിൽ ക്രിക്കറ്റില്‍ താത്പര്യമുണ്ടാക്കിയതെന്നും മന്ദാന പ്രതികരിച്ചു. ‘സഹോദരന്‍ ക്രിക്കറ്റ് പരിശീലിക്കുന്നതിനൊപ്പം ഞാനും കളിച്ചു. പുലര്‍ച്ചെ 5 മണിക്ക് എഴുന്നേറ്റ് സഹോദരന്‍ ക്രിക്കറ്റ് കളിച്ച് കഴിയുന്നത് വരെ കാത്തിരിക്കും. 10-15 ഡെലിവറികള്‍ എനിക്ക് എറിഞ്ഞ് നല്‍കും. ആ 15 പന്തുകള്‍ നേരിട്ട് കഴിഞ്ഞാല്‍ പിന്നെ ആ ദിവസം മുഴുവന്‍ ഞാന്‍ ചിന്തിക്കുക അടുത്ത ദിവസം എത്ര നന്നായി ആ 15 പന്തുകള്‍ നേരിടാം എന്നാണ്.’- മന്ദാന ഓർമിക്കുന്നു.
ഞാന്‍ എന്നെ ക്രിക്കറ്റ് താരമായാണ് കാണുന്നത്. വനിതാ ക്രിക്കറ്റ് എന്നത് ആവശ്യമില്ലാത്ത ലേബലാണ്. സ്ത്രീ ആയിരുന്നിട്ടും ക്രിക്കറ്റ് എങ്ങനെ തുടരാനാവുന്നു എന്ന ചോദ്യമാണ് തന്നെ ഏറ്റവും അലോസരപ്പെടുത്തുന്നത് എന്നും മന്ദാന പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here