വയനാട് സ്വദേശിനി മിന്നു മണി ഇന്ത്യ എ ടീമിൽ

ഇന്ത്യ എ വനിതാ ക്രിക്കറ്റ് ടീമില്‍ ഇനി വയനാടന്‍ സാന്നിധ്യവും. ഒക്ടോബര്‍ നാല് മുതല്‍ നടക്കുന്ന ബംഗ്ലാദേശ് പര്യടനത്തില്‍ വയനാട്ടുകാരി മിന്നു മണി ഇടം നേടി. കഴിഞ്ഞ ഫെബ്രുവരിയില്‍ മുംബൈയില്‍ വെച്ച് ഇംഗ്ലണ്ടിനെതിരെ മത്സരിച്ച ബോര്‍ഡ് പ്രസിഡന്റ് ഇലവനിലും മിന്നു ഇടം നേടിയിരുന്നു. ഈ മത്സരത്തിലെ മികച്ച പ്രകടനമാണ് മിന്നു മണിക്ക് ഇന്ത്യ എ ടീമിലേക്ക് അവസരമൊരുക്കിയത്.
2011ല്‍ മാനന്തവാടി ജി.വി.എച്ച്.എസ്.എസില്‍ പഠനം ആരംഭിച്ചതോടെയാണ് മിന്നു മണിയിലെ ക്രിക്കറ്ററെ നാടറിയുന്നത്. ചെറുപ്പം മുതല്‍ ക്രിക്കറ്റില്‍ താത്പര്യം പ്രകടിപ്പിച്ചിരുന്ന മിന്നു അണ്ടര്‍ 16 കാറ്റഗറി മുതല്‍ സീനിയര്‍ കാറ്റഗറി വരെയുള്ള മുഴുവന്‍ ടൂര്‍ണമെന്റുകളിലും പാഡണിഞ്ഞിട്ടുണ്ട്.സ്കൂളിലെ കായികാധ്യാപിക എല്‍സമ്മ ടീച്ചറാണ് മിന്നുമണിയിലെ ക്രിക്കറ്ററെ കണ്ടെത്തുന്നത്. ഇടംകൈ ബാറ്റ്സ്വുമണായ മിന്നുമണി ഓഫ് ബ്രേക്ക് ബൗളര്‍ കൂടിയാണ്. ടൂര്‍ണമെന്റിലെ പ്രകടനം മിന്നുമണിക്ക് അണ്ടര്‍ 23 ടി-20യില്‍ ഇന്ത്യ റെഡിനായും ചലഞ്ചര്‍ ട്രോഫി സീനിയറില്‍ ഇന്ത്യ ബ്ലൂവിനായും പാഡണിയാന്‍ അവസരമൊരുക്കി. ഏറെ അഭിമാനത്തോടെയാണ് ഇപ്പോഴുണ്ടായ നേട്ടത്തെ മിന്നു നോക്കിക്കാണുന്നത്.
മാനന്തവാടി ഒണ്ടയങ്ങാടിയിലെ കൂലിപ്പണിക്കാരനായ അച്ഛന് മണിയും വീട്ടമ്മയായ അമ്മ വസന്തയും ഒന്‍പതാം തരത്തില്‍ പഠിക്കുന്ന അനുജത്തി നിമിതയും നല്കുന്ന പിന്തുണ തന്റെ ക്രിക്കറ്റ് പ്രകടനത്തില്‍ മാറ്റങ്ങളുണ്ടാക്കിയെന്നാണ് മിന്നുമണിയുടെ പറയുന്നത്. ഒക്ടോബർ നാലു മുതലാണ് ബംഗ്ലാദേശ് പര്യടനം ആരംഭിക്കുന്നത്. ഒക്ടോബര്‍ 20 മുതല്‍ ശ്രീലങ്കയില്‍ നടക്കുന്ന വനിതാ ഏഷ്യാകപ്പിന് മുന്നോടിയായിട്ടുള്ള എമേര്‍ജിംഗ് ഏഷ്യാ കപ്പിനായാണ് ടീം ബംഗ്ലാദേശിലേക്ക് പറക്കുന്നത്. ഇവിടെ മൂന്ന് വീതം ഏകദിനവും ടി-20യുമാണ് ഇന്ത്യന്‍ ടീമിനുള്ളത്. ഈ മാസം 19ന് ബംഗളുരുവിലേക്ക് പോകുന്ന മിന്നുമണി അവിടെ നിന്നും ഇന്ത്യ-എ ടീമിനൊപ്പം ചേരും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here