ഹരിയാനയിലും പൗരത്വ രജിസ്റ്റർ തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി

അനധികൃത കുടിയേറ്റം തടയാൻ ദേശീയ പൗരത്വ രജിസ്റ്ററിന്റെ മാതൃകയിൽ ഹരിയാന ഉടൻ തന്നെ പൗരൻമാരുടെ പട്ടിക തയാറാക്കുമെന്ന് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. തൊഴിലില്ലായ്മ രൂക്ഷമായ ഹരിയാനയിൽ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. കുടിയേറ്റക്കാരാണ് തൊഴിലില്ലായ്മയ്ക്കു കാരണമെന്ന പൊതുവികാരം വോട്ടാക്കാനാണ് ശ്രമം.
മുൻ നാവികസേനാ മേധാവി അഡ്മിറൽ സുനിൽ ലാംബ, റിട്ട. ഹൈക്കോടതി ജഡ്ജി എച്ച്.എസ് ഭല്ല എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം ഹരിയാനയിലെ പഞ്ചകുലയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആസാമിൽ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടിക പ്രസിദ്ധീകരി ച്ചപ്പോൾ 19.07 ലക്ഷം അപേക്ഷകരാണ് പുറത്തായത്. മൊത്തം അപേക്ഷകരിൽ 3.11 കോടി പേർ ഇന്ത്യൻ പൗരന്മരായി.
നാഷണൽ രജിസ്റ്റർ ഓഫ് സിറ്റിസണ്ഷിപ്പ് (എൻആർസി) എന്ന പേരിലുള്ള അന്തിമ പൗരത്വ പട്ടിക പ്രസിദ്ധീകരിച്ചതോടെ ആസാമിലെ വിവിധ എൻആർസി സേവാ കേന്ദ്രങ്ങളിലേക്ക് ആയിരങ്ങളാണു ഭയാശങ്കകളോടെ എത്തിയത്. ഒരേ കുടുംബത്തിലെ ഏതാനും പേർ മാത്രം പട്ടികയ്ക്കു പുറത്തായതാണ് കൂടുതൽ പേർക്കും പ്രശ്നമായത്. ഭർത്താവും മക്കളും ഇന്ത്യൻ പൗരന്മാരായപ്പോൾ ഭാര്യ മാത്രം വിദേശി ആയവരും ഭർത്താവോ, മക്കളിൽ ഒരാളോ മാത്രം പൗരത്വ പട്ടികയിൽ ഉൾപ്പെട്ടതുമായ സംഭവങ്ങൾ നിരവധിയാണ്.
ആസാമിൽ പ്രതിപക്ഷത്തെ രണ്ടാമത്തെ വലിയ പാർട്ടിയായ ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്) സിറ്റിംഗ് എംഎൽഎ അനന്ത കുമാർ മലോയും ഇന്ത്യൻ പൗരത്വ പട്ടികയിൽ നിന്നു പുറത്തായി. തന്റെ മകനും പൗരത്വ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടതായി അനന്ത് കുമാർ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here