ഹംസഫർ എക്സ്പ്രസിൽ ഇനി സ്ലീപ്പർ കോച്ചുകളും; തത്കാൽ നിരക്കിൽ കുറവ് വരുത്താനും തീരുമാനം

അധികനിരക്കിനെ തുടർന്ന് യാത്രക്കാർ കയ്യൊഴിഞ്ഞ ഹംസഫർ എക്‌സ്പ്രസിലേക്ക് ആളെക്കൂട്ടാൻ സ്ലീപ്പർ കോച്ചുകൾ ഘടിപ്പിച്ച് റെയിൽവേ. നിരക്ക് കൂടിയ തേഡ് എസി കോച്ചുകൾ മാത്രമുളള ഹംസഫർ എക്‌സ്പ്രസിലേക്ക് കൂടുതൽ യാത്രക്കാരെ ആകർഷിക്കുന്നതിന്റെ ഭാഗമായാണ് സ്ലീപ്പർ കോച്ചുകളെത്തുന്നത്.
ഹംസഫർ എക്സ്പ്രസ് സർവീസുകളിൽ സ്ലീപ്പർ കോച്ചുകൾ ഘടിപ്പിക്കാൻ സോണൽ മാനേജർമാർക്ക് റെയിൽവേ അധികാരം നൽകിയിട്ടുണ്ട്. ആദ്യമായി ആനന്ദ് വിഹാർ-അലഹബാദ് ഹംസഫർ എക്സ്പ്രസിലാണ് നാല് സ്ലീപ്പർ കോച്ചുകൾ ഘടിപ്പിച്ച് സർവീസ് തുടങ്ങിയിരിക്കുന്നത്. വടക്കൻ മേഖലാ റെയിൽവേയാണ് വെള്ളിയാഴ്ച മുതൽ സ്ലീപ്പർ കോച്ചുകളുമായി സർവീസ് ആരംഭിച്ചിരിക്കുന്നത്.
ഇതോടൊപ്പം തത്കാൽ നിരക്കിൽ കുറവ് വരുത്താനും റെയിൽവേ തീരുമാനിച്ചിട്ടുണ്ട്. ഇപ്പോൾ അടിസ്ഥാന ചാർജിന്റെ 1.5 ഇരട്ടിയാണ് ഹംസഫർ എക്സ്പ്രസിൽ തത്കാൽ നിരക്കായി ഈടാക്കുന്നത്. ഇത് മറ്റ് ട്രെയിനുകളിലെന്നപോലെ 1.3 ഇരട്ടിയായി കുറയ്ക്കും. യാത്രക്കാരുടെ തിരക്കിനനുസരിച്ച് ടിക്കറ്റ് നിരക്കിൽ മാറ്റം ഉണ്ടാവുന്ന രാജ്യത്തെ 141 ട്രെയിനുകളിൽ ഉൾപ്പെടുന്നവയാണ് ഹംസഫർ എക്സ്പ്രസ്.
കേരളത്തിലേക്ക് രണ്ട് ഹംസഫർ എക്‌സ്പ്രസ് സർവീസുകളാണുള്ളത്. ആഴ്ചയിൽ രണ്ട് തവണ വീതം സർവീസ് നടത്തുന്ന കൊച്ചുവേളി – ബാനസ്‌വാഡി (ബംഗളുരു), ബാനസ്‌വാഡി -കൊച്ചുവേളി ട്രെയിനുകളും ആഴ്ചയിൽ ഒരു ദിവസം സർവീസ് നടത്തുന്ന തിരുനെൽവേലി – ഗാന്ധിധാം, ഗാന്ധിധാം-തിരുനെൽവേലി ട്രെയിനുകളുമാണ് കേരളത്തിലൂടെ സർവീസ് നടത്തുന്ന രണ്ട് ഹംസഫർ എക്‌സ്പ്രസ് സർവീസുകൾ.
Read Also; റെയിൽവേ സ്‌റ്റേഷനിൽ ആത്മഹത്യക്ക് ശ്രമിച്ച വയോധികനെ രക്ഷിച്ച് സുരക്ഷാ ജീവനക്കാർ; വീഡിയോ
സീസൺ അല്ലാത്ത സമയങ്ങളിൽ ഈ രണ്ട് ട്രെയിനുകളും പകുതി സീറ്റുകളിൽ പോലും യാത്രക്കാരില്ലാതെയാണ് ഓടുന്നത്. എന്നാൽ സ്ലീപ്പർ ക്ലാസ് കോച്ചുകൾ വരുന്നതോടെ സാധാരണക്കാരായ യാത്രക്കാർ കൂടുതലായെത്തുമെന്നാണ് റെയിൽവേയുടെ പ്രതീക്ഷ. 2016 ലാണ് രാജ്യത്ത് ആദ്യമായി ഹംസഫർ എക്സ്പ്രസ് സർവീസ് ആരംഭിച്ചത്.
എല്ലാ കോച്ചുകളും തേഡ് എ.സിയായതിനാൽ സാധാരണ എക്സ്പ്രസ് ട്രെയിനുകളിലെ തേഡ് എ.സി നിരക്കിനേക്കാൾ 15 ശതമാനം കൂടുതലാണ് ഹംസഫർ എക്‌സ്പ്രസിലെ യാത്രാനിരക്ക്. അമിത ചാർജിനെ തുടർന്ന് എല്ലാ സംസ്ഥാനങ്ങളിലും ഹംസഫർ എക്‌സ്പ്രസിനെ യാത്രക്കാർ കയ്യൊഴിഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് സ്ലീപ്പർ കോച്ചുകൾ ഘടിപ്പിച്ചും തത്കാൽ നിരക്ക് കുറച്ചും യാത്രക്കാരെ ആകർഷിക്കാൻ റെയിൽവേ നടപടികളാരംഭിച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here