പാലാരിവട്ടം പാലം പുതുക്കി പണിയാൻ തീരുമാനം; ഇ ശ്രീധരന് ചുമതല
പാലാരിവട്ടം പാലത്തിന് അടിസ്ഥാനപരമായി ബലക്ഷയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലാരിവട്ടം പാലം പുതുക്കി പണിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇ ശ്രീധരന്റെ നേതൃത്വത്തിലാണ് പുനർനിർമാണം നടത്തുക. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇ ശ്രീധരനുമായി ചർച്ച നടത്തിയിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചെന്നൈ ഐഐടിയുടെ റിപ്പോർട്ട് ലഭിച്ചിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ടാണ് ശ്രീധരനുമായി കൂടിക്കാഴ്ച നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലാരിവട്ടം പാലം പുനരുദ്ധരിക്കുകയാണെങ്കിൽ അത് എത്രനാൾ നിലനിൽക്കുമെന്ന കാര്യത്തിൽ ചെന്നൈ ഐഐടിയുടെ റിപ്പോർട്ടിൽ വ്യക്തതയില്ല. പാലത്തിന് അടിസ്ഥാനപരമായി ബലക്ഷയമുണ്ടെന്ന് ശ്രീധരൻ വ്യക്തമാക്കിയിട്ടുണ്ട്. പുനരുദ്ധാരണമോ ബലപ്പെടുത്തലോകൊണ്ട് കാര്യമില്ലെന്നും ശ്രീധരൻ പറഞ്ഞുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ശ്രീധരന്റെ നിർദേശ പ്രകാരം സ്ഥായിയായ പരിഹാരമാർഗമാണുള്ളത്. പാലം പുതുക്കി പണിയണെന്നാണ് ശ്രീധരന്റെ നിർദേശം. ആ നിർദേശം സർക്കാർ അംഗീകരിച്ചു. പാലം പുതുക്കി പണിയാനുള്ള നടപടികൾ സ്വീകരിക്കും. ഇതിന് സാങ്കേതിക മികവുള്ള ഏജൻസിയെ തന്നെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മേൽനോട്ടത്തിന് വിദഗ്ധ ഏജൻസി ഉണ്ടാകും. പൊതുവായ മേൽനോട്ടം ഇ ശ്രീധരനോട് ഏറ്റെടുക്കാൻ അഭ്യർത്ഥിച്ചുവെന്നും അദ്ദേഹം സമ്മതിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു.
സമയബന്ധിതമായി പാലം പുതുക്കി പണിയുകയാണ് ഉദ്ദേശിക്കുന്നത്. ഒക്ടോബർ ആദ്യ വാരം തന്നെ നിർമാണം ആരംഭിക്കണം. ഒരു വർഷം കൊണ്ട് പണി പൂർത്തിയാക്കണം. പുനർനിർമാണ് കൂടുതൽ ഉചിതമെന്നാണ് വിയലിരുത്തിയിരിക്കുന്നത്. പൊരുമരാമത്ത് മന്ത്രി ജി സുധാകരനും ചർച്ചയിൽ പങ്കെടുത്തുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here