ദുബായിൽ സ്‌കൂൾ ബസുകളിലെ യാത്രാ നിരക്ക് കുറയ്ക്കാൻ ആലോചന

ദുബായിൽ സ്‌കൂൾ ബസുകളിലെ യാത്രാ നിരക്ക് കുറയ്ക്കുന്നത് പരിഗണനയിൽ. ഇതിനായി പ്രത്യേക സമിതിക്ക് രൂപം നൽകും. ആർടിഎയും സ്‌കൂളുകളുടെ മേൽനോട്ടമുള്ള കെഎച്ച്ഡിഎയും ചേർന്നാണു സമിതിക്കു രൂപം നൽകുക.
ട്രാൻസ്‌പോർട്ട് കമ്പനികളും സ്‌കൂളുകളും മാനദണ്ഡങ്ങൾ പാലിക്കാതെ സ്‌കൂൾ ബസുകളിലെ യാത്രാനിരക്ക് കൂട്ടുന്ന പ്രവണതയ്ക്ക് തടയിടാനാണിത്. ഖുർആൻ പഠന കേന്ദ്രങ്ങൾ, കായികകലാ ക്ലബുകൾ എന്നിവിടങ്ങളിലേക്കുള്ള കുട്ടികളുടെ യാത്രാനിരക്കും സമിതി നിയന്ത്രിക്കും. കുട്ടികളുടെ യാത്ര സുരക്ഷിതമാക്കാനുള്ള നടപടികളും സ്വീകരിക്കും. ആർടിഎയ്ക്കു കീഴിലുള്ള ദുബായ് ടാക്‌സി കോർപറേഷനും സ്‌കൂളുകൾക്ക് ഗതാഗത സൗകര്യമൊരുക്കുന്നുണ്ട്.
Read Also : ദുബായ് മെട്രോയിൽ സ്ത്രീകൾക്കും കുട്ടികൾക്കും മാത്രമായുള്ള ക്യാബിൻ മാറ്റിസ്ഥാപിച്ചു
ഇതിനകം 21 സ്‌കൂളുകളും ഒരു സർവകലാശാലയും ദുബായ് ടാക്‌സിയുമായി കരാറുണ്ടാക്കിയതായി അധികൃതർ വ്യക്തമാക്കി. കുട്ടികളുടെ സുരക്ഷയും സുഗമയാത്രയും ഉറപ്പുവരുത്താനുള്ള എല്ലാ സംവിധാനങ്ങളും ഈ ബസുകളിൽ ഉണ്ടാകും. ക്യാമറകൾ, സെൻസറുകൾ, അടിയന്തര ഘട്ടങ്ങളിൽ കൺട്രോൾ സെന്ററുമായി ബന്ധപ്പെടാനുള്ള എമർജൻസി ബട്ടൻ, അഗ്‌നി നിയന്ത്രണ സംവിധാനം എന്നിവയാണ് പ്രധാന പ്രത്യേകതകൾ. ഏതെങ്കിലും കുട്ടി വാഹനത്തിൽ ഒറ്റപ്പെട്ടുപോകുന്ന സാഹചര്യവും ഉണ്ടാകില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here