ഇവൻ എന്റെ ഏറ്റവും പ്രിയപ്പെട്ട താരം; സഞ്ജു ഋഷഭ് പന്തിനു വെല്ലുവിളിയാകുമെന്ന് ഗംഭീർ

മലയാളി ക്രിക്കറ്റ് താരം സഞ്ജു വി സാംസണ് പിന്തുണയുമായി മുന്‍ ഇന്ത്യൻ താരവും ബിജെപി എം.പിയുമായ ഗൗതം ഗംഭീര്‍. സഞ്ജു തൻ്റെ പ്രിയപ്പെട്ട താരമാണെന്നും പന്തിനെ മറികടന്ന് സഞ്ജു ടീമിൽ ഇടം നേടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയിൽ എഴുതിയ കോളത്തിലാണ് അദ്ദേഹം പന്തിനു മുന്നറിയിപ്പുമായി രംഗത്തെത്തിയത്.
“ഋഷഭ് പന്ത് എപ്പോഴും ആവേശമാണ്. പക്ഷേ, അദ്ദേഹം തന്റെ യഥാര്‍ഥ മികവ് പുറത്തെടുത്തില്ലെങ്കില്‍ എൻ്റെ ഏറ്റവും പ്രിയപ്പെട്ട താരമായ സഞ്ജു പന്തിന് വെല്ലുവിളിയുണർത്തും.”- മുൻ ഇന്ത്യൻ ഓപ്പണർ കുറിച്ചു.
‘ഋഷഭ് പന്ത് മികച്ച താരമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. മാച്ച് വിന്നര്‍ ആകാന്‍ കെല്‍പ്പുള്ള താരമാണ്. എന്നാല്‍ ഇതിനായി കഠിനധ്വാനം ചെയ്യേണ്ടതുണ്ട്. ഇന്ത്യ എയ്ക്ക് വേണ്ടിയുള്ള പ്രകടനത്തിലൂടെ കനത്ത വെല്ലുവിളിയാണ് സഞ്ജു ഉയര്‍ത്തിയിരിക്കുന്നത്. വ്യക്തിപരമായി എന്റെ ഫേവറൈറ്റ് സഞ്ജു സാംസണാണ്.’- ഗംഭീര്‍ വ്യക്തമാക്കി.
തിരുവനന്തപുരം കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബില്‍ നടന്ന ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ മത്സരത്തില്‍ സഞ്ജു മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. അന്ന് 48 പന്തില്‍ നിന്ന് 91 റണ്‍സാണ് മലയാളി താരം നേടിയത്. അന്നും സഞ്ജുവിനെ അഭിനന്ദിച്ച് ഗംഭീര്‍ ട്വീറ്റ് ചെയ്തിരുന്നു. മുൻപും ഗംഭീർ സഞ്ജുവിനു വേണ്ടി വാദിച്ചിട്ടുണ്ട്. ലോകകപ്പിലെ നാലാം നമ്പറിൽ സഞ്ജു കളിക്കണമെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here