പതിവു കഥ: കോലിയടിച്ചു; ഇന്ത്യ ജയിച്ചു

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടി-20 മത്സരത്തിൽ ഇന്ത്യക്ക് ഏഴു വിക്കറ്റ് ജയം. 72 റൺസെടുത്ത ക്യാപ്റ്റൻ വിരാട് കോലിയാണ് ഇന്ത്യക്ക് അനായാസ ജയമൊരുക്കിയത്. കോലിയാണ് കളിയിലെ താരം. ഒരു ഓവർ ബാക്കി നിൽക്കെ 3 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് ഇന്ത്യ ജയിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 149 റൺസെടുക്കാനേ സാധിച്ചുള്ളൂ. 37 പന്തുകളിൽ 52 റൺസെടുത്ത ക്യാപ്റ്റൻ ക്വിൻ്റൺ ഡികോക്കാണ് പ്രോട്ടീസിൻ്റെ ടോപ്പ് സ്കോറർ. തെംബ ബാവുമ 49 റൺസെടുത്തു. 4 ഓവറിൽ വെറും 22 റൺസ് വഴങ്ങി രണ്ട് വിക്കറ്റെടുത്ത ദീപക് ചഹാറാണ് ഇന്ത്യക്ക് വേണ്ടി തിളങ്ങിയത്.
മറുപടി ബാറ്റിംഗിൽ ഇന്ത്യക്ക് രോഹിതിനെ വേഗം നഷ്ടമായി. 12 റൺസെടുത്ത രോഹിത് പുറത്തായതിനു ശേഷം ക്രീസിൽ ഒത്തു ചേർന്ന കോലി-ധവാൻ സഖ്യം 61 റൺസ് കൂട്ടിച്ചേർത്ത് ഇന്ത്യയുടെ യാത്ര എളുപ്പത്തിലാക്കി. 40 റൺസെടുത്ത് ധവാൻ പുറത്തായതിനു പിന്നാലെ 4 റൺസെടുത്ത് ഋഷഭ് പന്തും മടങ്ങി. എന്നാൽ കോലിയും (72*) ശ്രേയാസ് അയ്യരും (16*) ചേർന്ന് ഒരു ഓവർ ബാക്കി നിൽക്കെ ഇന്ത്യയെ വിജയിപ്പിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here