യൂണിവേഴ്‌സിറ്റി കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ്; എല്ലാ കെഎസ്‌യു സ്ഥാനാർത്ഥികളുടെയും പത്രിക തള്ളി

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ യൂണിയൻ തെരഞ്ഞെടുപ്പിൽ കെഎസ്‌യു സ്ഥാനാർത്ഥികൾ സമർപ്പിച്ച മുഴുവൻ നാമനിർദ്ദേശ പത്രികകളും തള്ളി. ആറ് ജനറൽ സീറ്റിലടക്കം കെഎസ്‌യുവിന്റെ ഏഴ് സ്ഥാനാർത്ഥികൾ നൽകിയ പത്രികകളാണ് തള്ളിയത്. സൂക്ഷ്മ പരിശോധനയിൽ കണ്ടെത്തിയ പിഴവുകളെ തുടർന്നാണ് പത്രികകൾ തള്ളിയിരിക്കുന്നത്. എന്നാൽ ഇതിനെതിരെ കെഎസ്‌യു രംഗത്തെത്തി. കോളേജിൽ നിന്ന് ലഭിച്ച സർക്കുലർ പ്രകാരമാണ് നാമനിർദ്ദേശപത്രിക പൂരിപ്പിച്ചതെന്നും ആദ്യം സ്വീകരിച്ച പത്രിക എസ്എഫ്‌ഐ ഇടപെടലിനെ തുടർന്ന് പിന്നീട് തള്ളുകയായിരുന്നെന്നും കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് അമൽ ചന്ദ്രൻ ആരോപിച്ചു.
അതേ സമയം കെഎസ്‌യുവിന് പത്രിക പൂരിപ്പിക്കാൻ അറിയാത്തത് തങ്ങളുടെ തെറ്റല്ലെന്നായിരുന്നു എസ്എഫ്‌ഐ നേതൃത്വത്തിന്റെ പ്രതികരണം. 18 വർഷത്തിന് ശേഷമാണ് കഴിഞ്ഞ ജൂലൈ 22 ന് യൂണിവേഴ്‌സിറ്റി കോളേജിൽ കെഎസ്‌യു വീണ്ടും യൂണിറ്റ് ആരംഭിച്ചത്. യൂണിവേഴ്‌സിറ്റി കോളേജിൽ എസ്എഫ്‌ഐ പ്രവർത്തകരും നേതാക്കളും തമ്മിലുണ്ടായ സംഘർഷത്തിനിടെ ഒരു എസ്എഫ്‌ഐ പ്രവർത്തകന് കുത്തേറ്റിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധ പരിപാടികളുടെ ഭാഗമായാണ് കെഎസ്‌യു കോളേജിൽ യൂണിറ്റ് ആരംഭിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here