യൂണിവേഴ്‌സിറ്റി കോളേജിൽ പത്രികകൾ തള്ളിയതിന് പിന്നിൽ റിട്ടേണിങ് ഓഫീസറുടെ ഗൂഢാലോചനയെന്ന് കെഎസ്‌യു

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്‌ഐയുടേത് ഒഴികെയുള്ള എല്ലാ പത്രികകളും തള്ളിയതിന് പിന്നിൽ ഇടതുപക്ഷ അനുകൂല സംഘടനയിൽ അംഗമായ റിട്ടേണിംഗ് ഓഫീസറുടെ ഗൂഢാലോചനയെന്ന് കെഎസ്‌യു. ഇത് സംബന്ധിച്ച് കോളേജ് പ്രിൻസിപ്പലിന് കെഎസ്‌യു പരാതി നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ നടപടിയാവശ്യപ്പെട്ട് സർവകലാശാലാ ഡീനിനും വൈസ് ചാൻസലർക്കും പരാതി നൽകുമെന്നും ഫലമുണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും കെഎസ്‌യു വ്യക്തമാക്കി.
Read Also; യൂണിവേഴ്‌സിറ്റി കോളേജിൽ 18 വർഷത്തിന് ശേഷം കെഎസ്‌യു വീണ്ടും യൂണിറ്റ് രൂപീകരിച്ചു
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ യൂണിയൻ തെരഞ്ഞെടുപ്പിൽ കെഎസ്‌യു സ്ഥാനാർത്ഥികൾ സമർപ്പിച്ച മുഴുവൻ നാമനിർദ്ദേശ പത്രികകളും ഇന്നലെ തള്ളിയിരുന്നു. ആറ് ജനറൽ സീറ്റിലടക്കം കെഎസ്‌യുവിന്റെ ഏഴ് സ്ഥാനാർത്ഥികൾ നൽകിയ പത്രികകളാണ് തള്ളിയത്. സൂക്ഷ്മ പരിശോധനയിൽ കണ്ടെത്തിയ പിഴവുകളെ തുടർന്നാണ് പത്രികകൾ തള്ളിയത്. കെഎസ്‌യുവിന് പുറമേ എഐഎസ്എഫിന്റെ പത്രികകളും ഇതേ കാരണത്താൽ തള്ളിയിരുന്നു. എന്നാൽ കോളേജിൽ നിന്ന് ലഭിച്ച സർക്കുലർ പ്രകാരമാണ് നാമനിർദ്ദേശപത്രിക പൂരിപ്പിച്ചതെന്നും ആദ്യം സ്വീകരിച്ച പത്രിക എസ്എഫ്ഐ ഇടപെടലിനെ തുടർന്ന് പിന്നീട് തള്ളുകയായിരുന്നെന്നുമാണ് കെഎസ്‌യുവിന്റെ ആരോപണം.
Read Also; യൂണിവേഴ്‌സിറ്റി കോളേജിലെ സംഘർഷം; എസ്എഫ്‌ഐ യൂണിറ്റ് പിരിച്ചുവിട്ടു
അതേ സമയം കെഎസ്‌യുവിന് പത്രിക പൂരിപ്പിക്കാൻ അറിയാത്തത് തങ്ങളുടെ കുറ്റമല്ലെന്നായിരുന്നു എസ്എഫ്ഐ നേതൃത്വത്തിന്റെ പ്രതികരണം. 18 വർഷത്തിന് ശേഷമാണ് കഴിഞ്ഞ ജൂലൈ 22 ന് യൂണിവേഴ്സിറ്റി കോളേജിൽ കെഎസ്‌യു വീണ്ടും യൂണിറ്റ് ആരംഭിച്ചത്. യൂണിവേഴ്സിറ്റി കോളേജിൽ എസ്എഫ്ഐ പ്രവർത്തകരും നേതാക്കളും തമ്മിലുണ്ടായ സംഘർഷത്തിനിടെ ഒരു എസ്എഫ്ഐ പ്രവർത്തകന് കുത്തേറ്റിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധ പരിപാടികളുടെ ഭാഗമായാണ് കെഎസ്‌യു കോളേജിൽ യൂണിറ്റ് ആരംഭിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here