ദേശീയപാതയുടെ ശോചനീയാവസ്ഥ; സമരത്തിന് ശേഷം നടപടിയില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ

ദേശീയപാതയുടെ ശോചനീയാവസ്ഥയ്‌ക്കെതിരെ കാസർഗോഡ് എം പി രാജ്‌മോഹൻ ഉണ്ണിത്താന്റെ നിരാഹാരസമരം ആരംഭിച്ചു. പറഞ്ഞ സമയം കഴിഞ്ഞിട്ടും ദേശീയപാത നന്നാക്കാൻ തയ്യാറാകാത്തതിൽ പ്രതിഷേധിച്ചാണ് യുഡിഎഫിന്റെ നേതൃത്വത്തിൽ 24 മണിക്കൂർ നിരാഹാര സമരം നടത്തുന്നത്.
ജില്ലാ അതിർത്തിയായ തലപ്പാടി മുതൽ കാലിക്കടവ് വരെയുള്ള ദേശീയപാത അറ്റകുറ്റപണി നടത്താത്തതിൽ പ്രതിഷേധിച്ചാണ് രാജ്‌മോഹൻ ഉണ്ണിത്താൻ നിരാഹാര സമരം ആരംഭിച്ചത്. സമരം മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ സി ടി അഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു.
സൂചനാ സമരമെന്ന രീതിയിലാണ്24 മണിക്കൂർ നിരാഹാരമിരിക്കുക. സമരത്തിന് ശേഷവും നടപടികൾ ഉണ്ടായില്ലെങ്കിൽ കൂടുതൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. ദേശീയപാത വികസനത്തിന്റെ ഭാഗമായി നാലുവരി പാതയായി മാറുന്നതിനാലാണ് വർഷങ്ങളായി ഇവിടെ അറ്റകുറ്റപ്പണികൾ നടത്താതിരുന്നത്. എന്നാൽ റോഡ് പൂർണമായും തകർന്നതോടെ മഴ മാറിയാൽ അറ്റകുറ്റപ്പണി ആരംഭിക്കുമെന്നാണ് ദേശീയ പാത അതോറിറ്റി നേരത്തെ അറിയിച്ചിരുന്നത്. എന്നിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് നിരാഹര സമരവുമായി എം പി മുന്നോട്ട് വന്നത്. ഏകദിന നിരാഹാര സമരത്തിന്റെ സമാപനം നാളെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here