ഉപ തെരഞ്ഞെടുപ്പിന് ഒരുങ്ങി മഞ്ചേശ്വരം മണ്ഡലം

ഉപ തെരഞ്ഞെടുപ്പിനൊരുങ്ങി മഞ്ചേശ്വരം. മണ്ഡലത്തിൽ ശക്തരായ സ്ഥാനാർഥികളെ രംഗത്തിറക്കാനൊരുങ്ങി മുന്നണികൾ. മണ്ഡലത്തിലെ ഭാഷാ ന്യൂനപക്ഷങ്ങൾ സ്ഥാനാർഥി നിർണയത്തിലും മുന്നണികളെ സ്വാധീനിക്കും.
എംഎൽഎയായിരുന്ന പിബി അബ്ദുൾ റസാഖിന്റെ മരണത്തിനു ശേഷം ഒരു വർഷം പൂർത്തിയാകുമ്പൊഴാണ് മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. കോടതി കയറിയിറങ്ങിയ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് വിഷയം ഒരു വർഷത്തോളം എംഎൽഎ യില്ലാത്ത മണ്ഡലമായി മഞ്ചേശ്വരത്തെ മാറ്റി. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിനു മുൻപുതന്നെ മുന്നണികളെല്ലാം അണിയറയിൽ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു.
കപ്പിനും ചുണ്ടിനുമിടയിൽ എന്നപോലെ വെറും 89 വോട്ടുകൾക്ക് നഷ്ടപ്പെട്ട മണ്ഡലത്തിൽ ഇക്കുറി താമര വിരിയിക്കാനാകുമെന്നാണ് ബിജെപി ക്യാമ്പിലെ പ്രതീക്ഷ. പാർലമെന്റ് തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് നേടിയ പതിനൊന്നായിരത്തിൽപരം വോട്ടുകളുടെ ഭൂരിപക്ഷമാണ് യുഡിഎഫിന്റെ ആത്മവിശ്വാസം. പ്രതിപക്ഷ നേതാവിന്റെ സാന്നിധ്യത്തിൽ യുഡിഎഫ് ജില്ലാ കമ്മിറ്റി യോഗം ചേർന്ന് തെരഞ്ഞെടുപ്പ് കാര്യങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ചയോടെ പ്രവർത്തകർ പ്രചാരണ രംഗത്തിറങ്ങുമെന്നും തെരഞ്ഞെടുപ്പിൽ ആശങ്കയില്ലെന്നും യുഡിഎഫ് ചെയർമാൻ എംസി ഖമറുദ്ദീൻ പറഞ്ഞു.
ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മുൻകൂട്ടിയുള്ള പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് ഇടതു ക്യാമ്പുകൾ. പ്രധാന പ്രവർകരെ മണ്ഡലത്തിൽ വിന്യസിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്ന് സിപിഎം നേതാവും മഞ്ചേശ്വരം മുൻ എംഎൽഎയുമായ സിഎച്ച് കുഞ്ഞമ്പു പറഞ്ഞു. സ്ഥാനാർഥി പ്രഖ്യാപനം വരുന്നതോടെ മഞ്ചേശ്വരത്ത് പ്രചാരണ രംഗം സജീവമാകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here