പട്ടിണിക്കാലത്ത് ഭക്ഷണം നൽകിയവരെ ഓർമിച്ച് ക്രിസ്ത്യാനോ; താൻ ഇവിടെയുണ്ടെന്ന് അന്നത്തെ സ്ത്രീ

ക്രിസ്ത്യാനോ റൊണാൾഡോ ഒരു ലോകോത്തര ഫുട്ബോളർ എന്നതിനപ്പുറം ഒരു പ്രചോദനമാണ്. കടുത്ത ദാരിദ്ര്യത്തോട് പടവെട്ടി ജീവിച്ചു വന്ന അദ്ദേഹം വന്ന വഴി മറക്കാറില്ലെന്ന് പലവട്ടം തെളിയിച്ചതാണ്. ഇപ്പോഴിതാ വീണ്ടും പോർച്ചുഗീസ് ഇതിഹാസം വാർത്തകളിൽ നിറയുകയാണ്. പട്ടിണിക്കാലത്ത് തനിക്കു ഭക്ഷണം നൽകിയ സ്ത്രീ എവിടെയാണെന്ന് ഒരുപാട് അന്വേഷിച്ചു എന്ന അദ്ദേഹത്തിൻ്റെ വെളിപ്പെടുത്തലാണ് ഫുട്ബോൾ ലോകം ഏറ്റെടുത്തിരിക്കുന്നത്.
“ഞാൻ കുട്ടിയായിരുന്നപ്പോൾ, 11-12 വയസ്സ് ഉണ്ടായിരുന്നപ്പോൾ ഞങ്ങൾക്ക് പണം ഉണ്ടായിരുന്നില്ല. മറ്റു കളിക്കാരോടൊപ്പമാണ് ഞങ്ങൾ യുവ കളിക്കാർ (ലിസ്ബണിൽ) താമസിച്ചിരുന്നത്. മൂന്നു മാസത്തിൽ ഒരിക്കലാണ് മെദീരയിലുള്ള എൻ്റെ കുടുംബത്തെ ഞാൻ കണ്ടിരുന്നത്. അത് നല്ല കഷ്ടമായിരുന്നു. രാത്രി 10-11 മണിയാകുമ്പോൾ ഞങ്ങൾക്ക് വിശക്കും. അങ്ങനെ ഞങ്ങൾ സമീപത്തുള്ള മക്ഡൊണാൾഡ്സിലേക്ക് പോകും. അതിൻ്റെ പിന്നിലെ വാതിൽ തട്ടി, “ബർഗർ ബാക്കി എന്തെങ്കിലും ഇരിപ്പുണ്ടോ?” എന്ന് അന്വേഷിക്കുകയും ചെയ്യുമായിരുന്നു. അവിടെ വെച്ച് മൂന്നു സ്ത്രീകൾ എന്നും ഭക്ഷണം നൽകിയിരുന്നു. അവരെ എങ്ങനെയും കണ്ടെത്തണമെന്ന് ഞാൻ ആഗ്രഹിച്ചു. പക്ഷേ, സാധിച്ചില്ല. ആ മക്ഡൊണാൾഡ്സ് അവർ അടച്ചു. ഈ ഇൻ്റർവ്യൂ വഴി അവരെ കണ്ടെത്താനാവുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അവരെ എൻ്റെ വീട്ടിലേക്ക് ക്ഷണിക്കാനും അവരോടൊപ്പം ഡിന്നർ കഴിക്കാനും ആഗ്രഹമുണ്ട്.”- ക്രിസ്ത്യാനോ പിയേഴ്സ് മോർഗനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഇൻ്റർവ്യൂ പുറത്തു വന്നതോടെ അത് ലോകം മുഴുവൻ ചർച്ചയായി. ഇതിനിടെയാണ് അന്നത്തെ മൂന്നു പേരിൽ പെട്ട ഒരാൾ താനാണെന്ന വെളിപ്പെടുത്തലുമായി ഒരു സ്ത്രീ രംഗത്തു വന്നത്. പൗള ലേക്ക എന്ന സ്ത്രീയാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.
“കളി കഴിഞ്ഞാൽ ക്രിസ്ത്യാനോയും സുഹൃത്തുക്കളും കടയുടെ പിന്നിലെത്തും. മാനേജറുടെ അനുവാദത്തോടെ ഞാൻ അവർക്ക് ഭക്ഷണം നൽകുമായിരുന്നു. കൂട്ടത്തിൽ ക്രിസ്ത്യാനോ ആയിരുന്നു ഏറെ മെലിഞ്ഞവൻ. കൂട്ടത്തിലെ ധൈര്യശാലിയും അവനായിരുന്നു. എന്നും ഇത് തുടർന്നു. അതാലോചിച്ച് ഞാനിപ്പോഴും ചിരിക്കാറുണ്ട്. എന്റെ മകനോട് ഞാൻ ഇതിനെ കുറിച്ച് പറയാറുണ്ടങ്കിലും അമ്മ ക്രിസ്ത്യാനോയ്ക്ക് ബർഗർ നൽകുന്ന ചിത്രം സങ്കൽപ്പിക്കാനും വിശ്വസിക്കാനും പ്രയാസമാണെന്നായിരുന്നു അവൻ്റെ പക്ഷം.”- പൗള പറയുന്നു.
“എന്റെ ഭർത്താവിന് ഇതിനെക്കുറിച്ച് അറിയാമായിരുന്നു. കാരണം ചിലപ്പോഴൊക്കെ രാത്രിയിൽ എന്നെ കൂട്ടാൻ വരുമ്പോൾ അദ്ദേഹം ക്രിസ്ത്യാനോയെ നേരിട്ടു കണ്ടിട്ടുണ്ട്. ഒരുപാട് കാലം മുൻപ് സംഭവിച്ച കാര്യം ക്രിസ്ത്യാനോ ഇപ്പോഴും ഓർത്തിരിക്കുന്നു. അത് അദ്ദേഹത്തിൻ്റെ വിനയമാണ് കാണിക്കുന്നത്. അദ്ദേഹം എന്നെ അത്താഴത്തിന് ക്ഷണിച്ചാൽ, ഞാൻ ഉറപ്പായും പോകും. അന്നത്തെ കാര്യങ്ങൾ ഓർത്തിരിക്കുന്നതിന് ഭക്ഷണത്തിനിടയിൽ ക്രിസ്ത്യാനോയോട് നന്ദി പറയുകയും ചെയ്യും.”- പൗള ലേക്ക പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here