വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥിയാകാനില്ല; തീരുമാനമെടുക്കേണ്ടത് പാർട്ടിയെന്ന് കുമ്മനം രാജശേഖരൻ

വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകാനില്ലെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. താൻ മത്സരിക്കണമെന്ന ജില്ലാ കമ്മിറ്റിയുടെ നിലപാടിൽ പാർട്ടിയാണ് തീരുമാനമെടുക്കേണ്ടതെന്നും കുമ്മനം പറഞ്ഞു. ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനലിന്റെ പേരാണ് കോൺഗ്രസ് പ്രധാനമായും പരിഗണിക്കുന്നത്. ഇടതുമുന്നണിയുടെ സാധ്യതാ പട്ടികയിൽ യുവ നേതാക്കൾക്കാണ് മുൻഗണനയെന്നാണ് സൂചന.
പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന മുൻ നിലപാടാണ് കുമ്മനം തിരുത്തിയത്. മത്സരിക്കാൻ ആഗ്രഹമുണ്ടെന്ന് താൻ ആരോടും പറഞ്ഞിട്ടില്ലെന്ന് കുമ്മനം പറഞ്ഞു. പല തവണ താൻ മത്സരിച്ചിട്ടുണ്ടെന്നും പുതിയ ആളുകൾ വരട്ടെയെന്നം കുമ്മനം രാജശേഖരൻ വ്യക്തമാക്കി.
കുമ്മനം രാജശേഖരൻ സ്ഥാനാർത്ഥിയായില്ലെങ്കിൽ പിന്നെ സാധ്യത ബിജെപി ജില്ലാ അധ്യക്ഷൻ എസ് സുരേഷ്, സംസ്ഥാന നിർവാഹക സമിതിയംഗം വി വി രാജേഷ് എന്നിവർക്കാണ്. സർപ്രൈസ് സ്ഥാനാർത്ഥിയായി പാർട്ടി അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ളയും വന്നു കൂടായ്കയില്ല. അരഡസനിലേറെ പേരുകൾ യുഡിഎഫിന്റെ ചർച്ചകളിലുണ്ടെങ്കിലും ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനലിനാണ് നിലവിൽ പ്രഥമ പരിഗണന.
യുവരക്തങ്ങളെ കേന്ദ്രീകരിച്ചാണ് ഇടത് മുന്നണിയിലെ ചർച്ചകൾ. ജില്ലാ നേതാവും കരകൗശല വികസന കോർപ്പറേഷൻ ചെയർമാനുമായ കെ സുനിൽകുമാർ, മേയർ വി കെ പ്രശാന്ത് എന്നിവരുടെ പേരുകളാണ് പ്രധാനമായും ചർച്ചകളിലുള്ളത്. അനുഭവ സമ്പത്തുള്ള നേതാക്കളെ രംഗത്തിറക്കണമെന്ന് തീരുമാനിച്ചാൽ കെടിഡിസി ചെയർമാൻ എം വിജയകുമാർ, മുൻ നേമം എംഎൽഎ വി ശിവൻകുട്ടി, ടി എൻ സീമ എന്നിവരുടെ പേരുകളായിരിക്കും പരിഗണിക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here