പ്രധാനമന്ത്രിയെ വരവേൽക്കാനൊരുങ്ങി ഹൂസ്റ്റണിലെ ഇന്ത്യൻ സമൂഹം

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേൽക്കാനുള്ള ഒരുക്കം പൂർത്തിയാക്കി ഹൂസ്റ്റണിലെ ഇന്ത്യൻ സമൂഹം. എൻആർജി സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഞായറാഴ്ച വൈകീട്ടാണ് ‘ഹൗഡി മോദി’യെന്ന് പേരിട്ടിട്ടുള്ള റാലി. നരേന്ദ്ര മോദിക്കൊപ്പം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പങ്കെടുക്കുന്ന പരിപാടിയിൽ അമ്പതിനായിരത്തിലേറെപ്പേരാണ് പങ്കെടുക്കുക.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പങ്കാളിത്തം മെച്ചപ്പെടുത്താനും സമാന താത്പര്യങ്ങൾ കണ്ടെത്താനും പിന്തുണയ്ക്കാനുമായി ജനങ്ങളെ ഒന്നിപ്പിക്കാനുമുള്ള ശ്രമമാണ് ഹൗഡി മോദി പരിപാടിയെന്ന് സംഘാടകർ പറഞ്ഞു. ഹൗഡി മോദി പരിപാടി അമേരിക്കൻ ജനതയെയും അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തെയും ഒന്നിപ്പിക്കുമെന്ന് ഇന്ത്യൻ വംശജയായ അമേരിക്കൻ കോൺഗ്രസ് അംഗം തുൾസി ഗബ്ബാർഡ് പറഞ്ഞു. ലോകത്തിലെ ഏറ്റവും വലുതും പഴക്കമുള്ളതുമായ ജനാധിപത്യ രാജ്യമായ ഇന്ത്യ, അമേരിക്കയുടെ പ്രധാന സുഹൃദ് രാജ്യങ്ങളിലൊന്നാണെന്നും തുൾസി പറഞ്ഞു.
അതേസമയം കഴിഞ്ഞ രണ്ട് ദിവസമായി ഹൂസ്റ്റണിൽ കനത്ത മഴയാണ്. ഉഷ്ണമേഖലാ ന്യൂനമർദം ശക്തിപ്രാപിച്ച് ഇമെൽഡാ ചുഴലിയായി മാറിയതാണ് കനത്തമഴക്ക് കാരണമെന്ന് ടെക്സസ് ഗവർണർ ഗ്രെഗ് ആബോട്ട് പറഞ്ഞു. ടെക്സസിലെ 13 കൗണ്ടികളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. അതേ സമയം ഹൗഡി മോദി പരിപാടിയെ മഴ ബാധിക്കില്ലെന്ന് സംഘാടകർ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here