യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമ കേസ്; ശിവരഞ്ജിത്തിനും നസീമിനും ജാമ്യം

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസിലെ മുഖ്യപ്രതികളായ ശിവരഞ്ജിത്തിനും നസീമിനും ജാമ്യം. ഉപാധികളോടെയാണ് തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. എന്നാൽ പിഎസ്‌സി ക്രമക്കേട് കേസിൽ ജാമ്യം ലഭിച്ചിട്ടില്ലാത്തതിനാൽ ഇരുവർക്കും പുറത്തിറങ്ങാനാകില്ല.
യൂണിവേഴ്‌സിറ്റി കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി അഖിലിനെ വധിക്കാൻ ശ്രമിച്ച കേസിലാണ് ഒന്നാം പ്രതി ശിവരഞ്ജിത്തിനും രണ്ടാം പ്രതി നസീമിനും ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ജൂലൈ 15ന് കന്റോൺമെന്റ് സ്റ്റേഷനിൽ കീഴടങ്ങിയ പ്രതികൾക്ക് 68 ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്. ജാമ്യം അനുവദിച്ച തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇരുവരും യൂണിവേഴ്‌സിറ്റി കോളേജിൽ പ്രവേശിക്കരുതെന്ന് നിർദേശിച്ചിട്ടുണ്ട്.
പിഎസ്‌സി പൊലീസ് കോൺസ്റ്റബിൾ പരീക്ഷാ ക്രമക്കേടിൽ മുഖ്യപ്രതികളായ ശിവരഞ്ജിത്തിനും നസീമിനും ഇതുവരെയും ജാമ്യം ലഭിച്ചിട്ടില്ല. അതിനാൽ തന്നെ രണ്ടു പേരും പൂജപ്പുര സെൻട്രൽ ജയിലിൽ തുടരേണ്ടി വരും. യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ മുൻ യൂണിറ്റ് പ്രസിഡന്റും സെക്രട്ടറിയുമാണ് നസീമും ശിവരഞ്ജിതും. 19 പേർ പ്രതികളായ യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസിലെ പ്രധാന പ്രതികളെല്ലാം പിടിയിലായി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here