ഇന്ത്യയ്ക്ക് അഭിമാനമായി 29 അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ തിളങ്ങിയ ‘ബേണിംഗ്’ ഒരുക്കിയത് ഈ മലയാളി

ഇറാൻ, ഇറ്റലി,വെനസ്വേല, മാഡ്രിഡ്, വാൻകോർ, യുഎസ്എ, റോം…മലയാളിയായ സനോജിന്റെ ഹ്രസ്വ ചിത്രം ഇതുവരെ പ്രദർശിപ്പിച്ചത് 29 അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലാണ്. ലോക സിനിമാ മേഖലയിൽ ഇന്ത്യൻ സാനിധ്യമായി ‘ബേണിംഗ്’ തിളങ്ങിയപ്പോൾ അതിന് പിന്നിൽ മലയാളിയായ സനോജും, ജിനോയിയുമാണെന്ന് വളരെ കുറച്ച് പേർ മാത്രമേ ശ്രദ്ധിച്ചിരിക്കുകയുള്ളു.
മതം, വിശ്വാസം, ആചാരങ്ങൾ, കുടുംബം, വിയോഗം എന്നിവയെ പ്രമേയമാക്കി വാരണാസി കേന്ദ്രീകരിച്ച് ചിത്രീകരിച്ച പതിനെട്ട് മിനിറ്റ് ദൈർഘ്യമുള്ള ഹിന്ദി ചിത്രമാണ് ബേണിംഗ്. തിരയിൽ പെട്ട് മരിച്ചുപോയ, മൃതശരീരം പോലും കിട്ടാതിരുന്ന സ്വന്തം മകന്റെ മരണാനന്തര ചടങ്ങുകൾ നടത്താൻ അതേ നക്ഷത്രത്തിൽ ജനിച്ച മറ്റൊരു കുഞ്ഞിന്റെ മൃതദേഹം വാങ്ങാനായി പണവുമായി വാരണാസിയിലേക്ക് പോകുന്ന ഒരു സ്ത്രീയുടെ കഥയാണ് ബേണിംഗ്.
മാതൃഭൂമിയുടെ റിപ്പോർട്ടറായി പ്രവർത്തിച്ചിരുന്ന സനോജ് ഏറെ കാലത്തോളം ഉത്തർപ്രദേശ്, വാരണാസി എന്നിവിടങ്ങളിൽ മാതൃഭൂമിക്ക് വേണ്ടി സേവനം അനുഷ്ഠിച്ചിരുന്നു. ഇക്കാലയളവിൽ വാരണാസിയോട് ഒരു പ്രത്യേക ഇഷ്ടം സനോജിനുണ്ടായിരുന്നു. അതുകൊണ്ട് തന്നെ വാരണാസി കേന്ദ്രീകരിച്ച് ഒരു ചിത്രം ഒരുക്കുന്നതിനെ കുറിച്ച് സനോജ് ചിന്തിച്ചു. ഈ ചിന്ത സുഹൃത്തും മാധ്യമപ്രവർത്തകനുമായ ജിനോയിയോട് പങ്കുവെക്കുന്നതോടെയാണ് ഇരുവരുടേയും ജീവിതം മാറ്റി മറിച്ച ‘ബേണിംഗ്’ എന്ന ഹ്രസ്വചിത്രം പിറവിയെടുക്കുന്നത്.
കുടുംബവും പുരുഷാധിപത്യസമൂഹവും മതവിശ്വാസങ്ങളും എങ്ങനെ സ്ത്രീകളെ കുരുക്കിയിടുന്നുവെന്നതും വാരണാസിയുടെ മരണാനന്തര ചടങ്ങുകളും വിശ്വാസരീതികളും കഥയിലൂടെ സിനിമയിലേക്ക് കടന്നുവരുന്നുണ്ട്. തങ്ങളുടെ കഥ ലോകത്തെ അറിയിക്കാൻ സംവിധായകനായ സനോജും, തിരക്കഥാകൃത്തായ ജിനോയിയും തെരഞ്ഞെടുത്ത ഭാഷ ഹിന്ദിയായിരുന്നു. മലയാളികളായ ഇരുവരും മലയാളം പരിഗണിക്കാതെ ഹിന്ദിയിൽ ഹ്രസ്വചിത്രം എടുത്തത് പലരിലും കൗതുകമുണർത്തി. എന്നാൽ വാരണാസിയിൽ നടക്കുന്ന ഒരു കഥയ്ക്കും, അവിടുത്തെ ആചാരത്തെ കുറിച്ചും അനുഷ്ഠാനത്തെ കുറിച്ചുമെല്ലാം പറയുന്ന കഥാതന്തുവിനും അനുയോജ്യം ഹിന്ദിയാണെന്ന നിഗമനത്തിൽ എത്തുകയായിരുന്നു ഇരുവരും. ഈ തീരുമാനം തെറ്റിയില്ല എന്ന് പിന്നീട് ചിത്രത്തിന്റെ വിജയം കാണിച്ചുതന്നു.
അജയ്യകുമാർ നിർമിച്ച ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ചെന്നൈയിലെ മാധ്യമപ്രവർത്തകനായ ജിനോയ് ജോസ് പി ആണ്. മുംബൈയിൽ നിന്നുള്ള യുവ സംവിധായികയും ദേശീയ പുരസ്‌കാര ജേതാവും കൂടിയായ രുക്‌സാന തബസ്സും, മറാഠി നടിയും മോഡലുമായ കേതകി നാരായണുമാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. സംവിധായകയായ രുക്‌സാന ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്ന ചിത്രമാണ് ബോണിംഗ്.
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ മനേഷ് മാധവൻ ഛായാഗ്രഹണവും പ്രവീണ് മംഗലത്ത് എഡിറ്റിംഗും പ്രശസ്ത സംഗീത സംവിധായകൻ ബിജിബാൽ പശ്ചാത്തല സംഗീതവും ഒരുക്കിയിട്ടുണ്ട്. തന്റെ സുഹൃത്തുക്കൾ വഴിയാണ് ചിത്രത്തിന്റെ പിന്നണിയിൽ പ്രവർത്തിക്കാൻ ഇത്ര പ്രഗത്ഭരായ വ്യക്തികളെ ലഭിച്ചതെന്ന് സനോജ് പറയുന്നു.
ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഇന്ത്യൻ പനോരമ വിഭാഗത്തിലായിരുന്നു ബേണിങിന്റെ ആദ്യ പ്രദര്ശനം. ഇതുവരെ വിവിധ രാജ്യങ്ങളിലും ഇന്ത്യയിലുമായി ഇരുപത്തിയൊമ്പത് അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ ബേണിങ് പ്രദർശിപ്പിക്കപ്പെട്ടിട്ടുണ്ട്. സൗണ്ട് ഡിസൈൻ അരുൺ രാമവർമ (സ്റ്റുഡിയോ ലാല് മീഡിയ) സിങ്ക് സൗണ്ട് അരിജിത് മിത്ര, ചിത്രത്തിന്റെ കാസ്റ്റിങ് ഡയറക്ടർ രശ്മി സതീഷ് (ഗായിക), കിരണ് കേശവ് പ്രൊഡ.ഡിസൈൻ. അസോ.ഡയറക്ടർ സിബിന് ഗിരിജ, കോസ്റ്റ്യും സുമി കെ രാജ്, 5.1 മിക്‌സ് ഗണേശ് മാരാർ (സ്റ്റുഡിയോ ചേതന).
അടുത്ത വർഷം സ്വന്തമായി ഒരു ചിത്രം ഒരുക്കാനുള്ള പ്രയത്‌നത്തിലാണ് നിലവിൽ സനോജ്. തിരക്കഥയുമായി ബന്ധപ്പെട്ട ചർച്ചകളെല്ലാം പുരോഗമിക്കുകയാണെന്നും സനോജ് ട്വന്റിഫോറിനോട് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here