‘ആ തിരി തെളിയുന്നിടത്താണോ കൃഷ്ണനുള്ളത്’; ശ്രീലകത്തേക്ക് നോക്കി കൗതുകത്തോടെ മുഖ്യമന്ത്രി

‘ആ തിരി തെളിയുന്നിടത്താണോ കൃഷ്ണനുളളത്’ ഗുരുവായൂർ ശ്രീലകത്തേക്ക് നോക്കി മുഖ്യമന്ത്രി. നിറ ദീപങ്ങൾക്കിടയിൽ ബാലരൂപത്തിൽ നിൽക്കുന്ന ഗുരുവായൂർ കണ്ണനോട് ഏറെ കൗതുകത്തോടെയാണ് മുഖ്യമന്ത്രി ഇങ്ങനെ ചോദിച്ചത്.
ക്ഷേത്രമതിൽക്കെട്ടിന് പുറത്തുനിന്ന് ശ്രീലകത്തെ വിഗ്രഹം കാണാവുന്ന ക്ഷേത്രങ്ങളിൽ ഒന്നാണ് ഗുരുവായൂർ ക്ഷേത്രം എന്ന് ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ പറഞ്ഞപ്പോൾ,മറുപടിയായാണ് മുഖ്യമന്ത്രി ആ തിരി തെളിയുന്നിടത്താണോ കൃഷ്ണനുള്ളതെന്ന് ചോദിച്ചത്.
ആദ്യമായി ഗുരുവയൂരിലെത്തിയ മന്ത്രി കിഴക്കേ ഗോപുരനടയിലെ ദീപസ്തംഭത്തിനരികിലെത്തി ക്ഷേത്രത്തിനുള്ളിലേക്ക് നോക്കി നിന്നു. ഗുരുവായൂർ ക്ഷേത്രത്തിനുസമീപം ടെമ്പിൾ പൊലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടത്തിന് തറക്കല്ലിടാനെത്തിയ മന്ത്രി, ഭക്തരുടെ സുരക്ഷ ഏറെ പ്രാധാന്യമുള്ളതാണെന്ന് ചടങ്ങിൽ പറഞ്ഞു.
ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ, കെവി അബ്ദുൾഖാദർ എംഎൽഎ, ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ കെബി മോഹൻദാസ്, ഡിജിപി ലോക്നാഥ് ബെഹ്റ എന്നിവരും മുഖ്യമന്ത്രിക്കൊപ്പം പരിപാടിയിൽ പങ്കെടുത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here