പറമ്പിക്കുളം- ആളിയാർ കരാർ പുതുക്കാൻ തീരുമാനമായി

കേരളവും തമിഴ്‌നാടുമായുള്ള പറമ്പിക്കുളം- ആളിയാർ കരാർ പുതുക്കാൻ തീരുമാനമായി. സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയും നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. മുല്ലപ്പെരിയാറിൽ ഡാം പ്രവർത്തിപ്പിക്കാനുള്ള വൈദ്യുതി കേരളം നൽകും. ജലം സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇരു സംസ്ഥാനങ്ങളിലേയും സെക്രട്ടറിമാർ ഉൾപ്പെടുന്ന അഞ്ചംഗ കമ്മിറ്റി രൂപീകരിക്കും.
പറമ്പിക്കുളം- ആളിയാർ കരാറിന്റെ കാലാവധി 1988 നവംബറിൽ അവസാനിച്ചിരുന്നു. പല തവണ കരാർ പുതുക്കാൻ ശ്രമം നടന്നെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് ഇതുൾപ്പെടെയുള്ള ജല സംബന്ധമായ വിഷയങ്ങളിൽ മുഖ്യമന്ത്രിതല ചർച്ച നടന്നത്. കരാർ പുതുക്കുന്നതിനായി തമിഴ്‌നാട്- കേരള പ്രതിനിധികൾ ഉൾപ്പെട്ട സെക്രട്ടറിതല കമ്മിറ്റി പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
മുല്ലപ്പെരിയാറിൽ ഡാം പ്രവർത്തിപ്പിക്കാൻ തമിഴ്‌നാടിനു വൈദ്യുതി നൽകാനും തീരുമാനിച്ചു. കിട്ടേണ്ട വെള്ളം കിട്ടണമെന്ന ആവശ്യമാണ് തമിഴ്‌നാടിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രശ്‌ന പരിഹാരത്തിന്റെ ആദ്യ ഘട്ടമായാണ് ചർച്ചയെ കാണുന്നത്. ചർച്ച നന്നായി നടന്നുവെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി പറഞ്ഞു.
കേരള- തമിഴ്‌നാട് ചീഫ് സെക്രട്ടറിമാർ ആറ് മാസത്തിലൊരിക്കൽ യോഗം ചേർന്ന് സെക്രട്ടറി തല കമ്മിറ്റിയെടുക്കുന്ന തീരുമാനങ്ങളുടെ പുരോഗതി വിലയിരുത്തും. ഇതിനു പുറമേ, ജല സംബന്ധമായ മറ്റു വിഷയങ്ങളും സെക്രട്ടറിതല കമ്മിറ്റി പരിഗണിക്കും. പാണ്ടിയാർ വിഷയം വൈദ്യുതി വകുപ്പും കൂടി ഉൾപ്പെട്ട കമ്മിറ്റി പരിശോധിക്കാനും തീരുമാനിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here