അയോധ്യാതർക്കഭൂമി കേസ്; അന്തിമവാദം ഒക്ടോബർ പതിനെട്ടിന് തന്നെ പൂർത്തിയാക്കണമെന്ന് സുപ്രിംകോടതി

അയോധ്യാതർക്കഭൂമി കേസിലെ അന്തിമവാദം ഒക്ടോബർ പതിനെട്ടിന് തന്നെ പൂർത്തിയാക്കണമെന്ന് ആവർത്തിച്ച് സുപ്രിംകോടതി. ഒരു ദിവസം പോലും കൂടുതൽ സമയം അനുവദിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് വ്യക്തമാക്കി.
നവംബർ പതിനേഴിനാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് വിരമിക്കുന്നത്. അതിനു മുൻപ് കേസിൽ വിധി പറയാനാണ് ഭരണഘടനാ ബെഞ്ചിന്റെ ശ്രമം. ഇതനുസരിച്ച്, ഒക്ടോബർ പതിനെട്ടിന് അന്തിമവാദം പൂർത്തിയായാൽ പോലും വിധി തയാറാക്കാൻ നാലാഴ്ച കൂടിയേ ലഭിക്കുകയുള്ളു. അതിനാൽ ഒക്ടോബർ പതിനെട്ടിൽ നിന്ന് ഒരു ദിവസം പോലും കൂടുതൽ അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. നിലവിൽ സുന്നി വഖഫ് ബോർഡാണ് വാദമുഖങ്ങൾ അവതരിപ്പിക്കുന്നത്.
അതേസമയം, കക്ഷികൾ തമ്മിൽ സമാന്തരമായി മധ്യസ്ഥ ചർച്ചകളും തുടരുന്നുണ്ട്. സുന്നി വഖഫ് ബോർഡിന്റേയും നിർവാനി അഖാഡയുടെയും അഭ്യർത്ഥനയെ തുടർന്നാണ് മധ്യസ്ഥ ചർച്ചകൾക്ക് കോടതി അനുമതി നൽകിയത്. അയോധ്യയിലെ തർക്കഭൂമി സുന്നി വഖഫ് ബോർഡിനും നിർമോഹി അഖാഡക്കും രാംലല്ലക്കുമായി വിഭജിച്ചു നൽകിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെയുള്ള അപ്പീലുകളാണ് സുപ്രിംകോടതി പരിഗണിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here