ഉപതെരഞ്ഞെടുപ്പ്; കുമ്മനവും കെ സുരേന്ദ്രനും സാധ്യതാ പട്ടികയിൽ

മുതിർന്ന നേതാക്കൾ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളാകണമെന്ന് ബിജെപി. വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരെയും കോന്നിയിൽ കെ സുരേന്ദ്രനെയും ഉൾപ്പെടുത്തിയുള്ള സാധ്യതാ സ്ഥാനാർത്ഥി പട്ടിക കേന്ദ്ര നേതൃത്വത്തിന് സമർപ്പിച്ചു. അരൂരിലെ സ്ഥാനാർത്ഥി നിർണയത്തിൽ ബിജെപി നേതൃത്വം തീരുമാനമെടുക്കുമെന്നും
വ്യക്തമാക്കി.
അതേ സമയം, വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരനും കോന്നിയിൽ കെ സുരേന്ദ്രനും മത്സരിക്കണമെന്ന് ബിജെപി സംസ്ഥാന ഭാരവാഹിയോഗം ആവശ്യപ്പെട്ടു. ആർഎസ്എസ് നിർദേശമനുസരിച്ച് നീങ്ങാനാണ് കുമ്മനത്തിന്റെ തീരുമാനം. എന്നാൽ, ഒരു കാരണവശാലും മത്സരിക്കാനില്ലെന്ന് കെ സുരേന്ദ്രൻ യോഗത്തെ അറിയിച്ചു. വിവിരാജേഷ്, എസ് സുരേഷ് എന്നിവരുടെ പേരുകൾ വട്ടിയൂർക്കാവിലുണ്ട്. കോന്നിയിൽ സുരേന്ദ്രനില്ലെങ്കിൽ മാത്രം ശോഭാ സുരേന്ദ്രനോ അശോകൻ കുളനടയോ കളത്തിലിറങ്ങും.
അരൂരിൽ ബിഡിജെഎസ് പിന്മാറിയാൽ ബിജെപി മത്സരിക്കും. ഇതിൽ കേന്ദ്ര നേതൃത്വമാകും അന്തിമ തീരുമാനമെടുക്കുക. എറണാകുളത്ത് സിജിരാജഗോപാലിനാണ് മുൻതൂക്കം. മഞ്ചേശ്വരത്ത് ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്ത്, രവീശതന്ത്രി കുണ്ടാർ, സതീശൻ ഭണ്ഡാരി എന്നിവരാണ് അന്തിമ പട്ടികയിലുള്ളത്. ഓരോ മണ്ഡലത്തിൽ നിന്നും മൂന്ന് പേർ വീതമുള്ള പട്ടിക ദേശീയ നേതൃത്വത്തിന് അയച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here