മരട് ഫ്‌ളാറ്റ് പ്രശ്‌നം; താമസക്കാരെ ഒഴിപ്പിക്കാനും പൊളിക്കാനുമായി 138 ദിവസത്തെ പദ്ധതി തയ്യാറാക്കി സർക്കാർ

മരടിലെ ഫ്‌ളാറ്റുകളിൽ നിന്ന് താമസക്കാരെ ഒഴിപ്പിക്കാനും, പൊളിക്കാനുമായി സർക്കാർ 138 ദിവസത്തെ കർമ്മ പദ്ധതി തയ്യാറാക്കി. ഫഌറ്റിലെ കുടിവെള്ളവും വൈദ്യുതിയും ഇന്ന് രാവിലെ വിച്ഛേദിച്ചു. താമസക്കാർക്ക് പുനരധിവാസം ഒരുക്കാൻ തയ്യാറാണെന്ന് എറണാകുളം ജില്ല കളക്ടർ.
ഇന്ന് പുലർച്ചെ 5 മണിയോടെയാണ് ഫ്‌ളാറ്റിലെ വൈദ്യുതി വിച്ഛേദിച്ചത്. വൻ പൊലീസ് കാവലിൽ വൈദ്യുതി പോസ്റ്റിൽ നിന്നും കെഎസ്ഇബി ജീവനക്കാർ ഫ്‌ളാറ്റിലേക്കുള്ള വൈദ്യുതി ബന്ധം വേർപ്പെടുത്തുകയായിരുന്നു. തുടർന്ന് 7 മണിയോടെ ഫ്‌ളാറ്റിലേക്ക് കുടിവെള്ളം നൽകുന്നത് വാട്ടർ അതോറിറ്റിയും നിർത്തി. 138 ദിവസമാണ് താമസക്കാരെ ഒഴിപ്പിക്കാനും, ഫഌറ്റ് പൊളിക്കാനും സർക്കാർ സമയ പരിധി തീരുമാനിച്ചിരിക്കുന്നത്. വരുന്ന29 ഒൻപതാം തിയതി മുതൽ ഒക്‌ടോബർ 3 വരെയുള്ള 4 ദിവസം കൊണ്ട് താമസക്കാരെ ഒഴിപ്പിക്കും. തുടർന്ന് ഒക്ടോബർ 11 ന് ഫ്‌ളാറ്റ് പൊളിച്ച് തുടങ്ങും. എന്നാൽ, എന്ത് സംഭവിച്ചാലും ഫഌറ്റിൽ നിന്നും ഇറങ്ങില്ലെന്ന തീരുമാനത്തിലാണ് താമസക്കാർ.
അതേസമയം, താമസക്കാർക്ക് പുനരധിവാസം നൽകാൻ സർക്കാർ തയ്യാറാണെന്ന് എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസ് അറിയിച്ചു. വിഷയം ചർച്ച ചെയ്യാൻ മരട് നഗരസഭ അടിയന്തിര കൗൺസിൽ യോഗം ചേർന്നു. ഫ്‌ളാറ്റിലെ താമസക്കാർ തീവ്രവാദികളല്ലെന്ന് കൗൺസിൽ അംഗങ്ങൾ പറഞ്ഞപ്പോൾ ,ടെലിവിഷനിലൂടെയാണ് വൈദ്യുതി വിച്ഛേദിച്ച കാര്യം താൻ അറിഞ്ഞതെന്ന് നഗരസഭ ചെയർ പേഴ്‌സൺ വ്യക്തമാക്കി. ഫ്‌ളാറ്റിലെ താമസക്കാരെ കാണാൻ സ്ഥലം എംഎൽഎ എം.സ്വരാജ് എത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here