പാലായിൽ മാണി സി കാപ്പൻ വിജയിച്ചു

പാലാ ഉപതെരഞ്ഞെടുപ്പിൽ മാണി സി കാപ്പൻ വിജയിച്ചു. അട്ടിമറി വിജയമാണ് മാണി സി കാപ്പൻ സ്വന്തമാക്കിയിരിക്കുന്നത്. 2943 വോട്ടുകൾക്കാണ് മാണി സി കാപ്പൻ വിജയിച്ചിരിക്കുന്നത്.
1965 മുതൽ കെഎം മാണിയെ പിന്തുണച്ച പാലാ ഇത്തവണ എൽഡിഎഫിന് അനുകലമായാണ് വിധിയെഴുതിയിരിക്കുന്നത്. നാലായിരത്തിലധികം വോട്ടുകളുടെ ലീഡുമായി മുന്നേറുകയായിരുന്ന മാണി സി കാപ്പന്റെ ലീഡ് പെട്ടെന്ന് തന്നെ രണ്ടായിരത്തിലേക്ക് കൂപ്പുകുത്തുന്ന കാഴ്ച്ച വോട്ടെണ്ണലിന്റെ അവസാന ലാപ്പിൽ കണ്ടിരുന്നു. എൽഡിഎഫ് ക്യാമ്പിനെ തെല്ലൊന്ന് വിഷമിപ്പിച്ചുവെങ്കിലും വിജയം സുനിശ്ചിതമായിരുന്നു.
യുഡിഎഫിന് നാണംകെട്ട തോൽവിയാണ് പാലായിൽ ഉണ്ടായിരിക്കുന്നത്. യുഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളായിരുന്ന രാമപുരം, ഭരണങ്ങാനം, കരൂർ, കടനാട് എന്നിങ്ങനെ നിരവധി പ്രദേശങ്ങൾ ഇത്തവണ ചുവപ്പണിഞ്ഞു. 1965 മുതൽ മാണിക്കൊപ്പം നിന്ന പാല മുനിസിപാലിറ്റിയും ഇത്തവണ യുഡിഎഫിനെ തഴഞ്ഞ് എൽഡിഎഫ് പക്ഷത്തേക്ക് ചേർന്നിരിക്കുകയാണ്.
അതേസമയം, പാലായിൽ യുഡിഎഫിനേറ്റ തോൽവിയിൽ ജോസ് കെ മാണി പക്ഷത്തിന് പങ്കുണ്ടെന്ന ആരോപണം ശക്തമാവുകയാണ്. പാലായിൽ ചതിച്ചത് ജോസ് പക്ഷമാണെന്ന് പിജെ ജോസഫും തനിക്ക് ജോസ് പക്ഷത്തിന്റെ വോട്ട് ലഭിച്ചെന്ന് മാണി സി കാപ്പനും പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here