ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ്; ഇന്ത്യയുടെ ‘മലയാളി’ റിലേ ടീം ഫൈനലിൽ

ദോഹയിൽ നടക്കുന്ന അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് മിക്സഡ് റിലേയിൽ ഇന്ത്യ ഫൈനലിൽ. 4*400 മീറ്റർ മിക്സഡ് റിലേയിലാണ് ഇന്ത്യ ഫൈനലിൽ കടന്നത്. ഹീറ്റ്സിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ ഫിനിഷ് ചെയ്തത്.
മുഹമ്മദ് അനസ്, ജിസ്ന മാത്യു, വി.കെ വിസ്മയ, നോഹ നിർമൽ എന്നിവരാണ് റിലേ ടീം അംഗങ്ങൾ. ഫൈനൽ യോഗ്യതയ്ക്കൊപ്പം അടുത്ത വർഷത്തെ ടോക്കിയോ ഒളിമ്പിക്സിനും ഇന്ത്യ യോഗ്യത നേടി.
ഇന്നലെയാണ് ചാമ്പ്യൻഷിപ്പ് ആരംഭിച്ചത്. പത്തുദിവസം നീളുന്ന കായിക മാമാങ്കത്തിൽ 209 രാജ്യങ്ങളില്‍ നിന്നുള്ള 1928 അത്‌ലറ്റുകളാണ് പങ്കെടുക്കുക.
ആകെ 27 പേരടങ്ങുന്ന സംഘമാണ് ഇന്ത്യൻ സംഘത്തിലുള്ളത്. 12 മലയാളികൾ അടങ്ങുന്ന ടീമിലെ നഷ്ടം ഹിമ ദാസ് ആണ്. പരിക്കിനെത്തുടർന്ന് ഹിമയെ സംഘത്തിൽ നിന്ന് നീക്കിയിരുന്നു.
ലോകചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പ്രകടനം അത്ര മികച്ചതല്ല. 2003ലെ പാരീസ് ചാമ്പ്യൻഷിപ്പിൽ മലയാളിയായ അഞ്ജു ബോബി ജോര്‍ജ് വനിതാ ലോങ്ജമ്പില്‍ നേടിയ വെങ്കലം മാത്രമാണ് ലോകചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് ലഭിച്ച ഒരേയൊരു മെഡല്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here