‘തോൽവിക്ക് പിന്നിലെ വില്ലൻ പി ജെ ജോസഫ്’; ആഞ്ഞടിച്ച് ജോസ് ടോം

പി ജെ ജോസഫിനെതിരെ വിമർശനവുമായി പാലായിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ജോസ് ടോം. തന്റെ തോൽവിക്ക് പിന്നിലെ വില്ലൻ പി ജെ ജോസഫാണെന്ന് ജോസ് ടോം പറഞ്ഞു. ജോസഫ് തെറ്റിദ്ധാരണ പരത്തുകയാണ്. ജോസഫിന്റെ അജണ്ടയാണ് പാലായിൽ നടപ്പിലായത്. ജോസഫ് കൂടി പങ്കെടുത്ത യോഗത്തിലാണ് തന്നെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചതെന്നും ജോസ് ടോം പറഞ്ഞു.
പി ജെ ജോസഫ് മുന്നണിയെ ഒറ്റുകൊടുക്കുകയായിരുന്നു. തനിക്കെതിരെ രഹസ്യ നോട്ടീസ് പുറത്തിറക്കിയതിന് പിന്നിൽ ജോസഫാണ്. അദ്ദേഹത്തോട് രണ്ടില ചിഹ്നം ചോദിച്ചിരുന്നു. ചിഹ്നം നൽകാൻ തയ്യാറായില്ല. നാമ നിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധനയിൽ ജോസഫ് വിഭാഗം ഇല്ലാത്ത പ്രശ്‌നമുണ്ടാക്കി. ജോയ് എബ്രഹാമിനെ നിയന്ത്രിക്കാൻ പി ജെ ജോസഫ് തയ്യാറായില്ല. അത് തിരിച്ചടിയായി. പാർട്ടിയിലെ പ്രശ്‌നങ്ങൾ തെരഞ്ഞെടുപ്പിലേക്ക് വലിച്ചിഴച്ചുവെന്നും ജോസ് ടോം പറഞ്ഞു.
പി ജെ ജോസഫിനെ കൂകി വിളിച്ച സംഭവത്തിൽ ജോസ് കെ മാണി മാപ്പ് പറഞ്ഞതാണ്. വലിയൊരു വിഭാഗം എതിർപ്പ് പ്രകടിപ്പിച്ചാൽ നിയന്ത്രിക്കുക എളുപ്പമല്ല. താൻ കെ എം മാണിയെ ധിക്കരിച്ചു എന്ന് ജോസഫ് പറയുകയുണ്ടായി. താൻ മാണി സാറിനെ ധിക്കരിച്ചിട്ടില്ല. തെറ്റാണെങ്കിൽ അത് ചൂണ്ടിക്കാട്ടും. അതെങ്ങനെ ധിക്കാരമാകുമെന്നും ജോസ് ടോം ചോദിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here