മതത്തിന്റെ പേരിൽ ഭിന്നിപ്പുണ്ടാക്കുന്നതിനോട് യോജിപ്പില്ല; തീവ്രദേശീയത അംഗീകരിക്കാനാവില്ല; ഗൗതം ഗംഭീർ

മതത്തിൻ്റെ പേരിൽ സമൂഹത്തെ ഭിന്നിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീർ. തീവ്ര ദേശീയതയെ തനിക്ക് അംഗീകരിക്കാൻ സാധിക്കില്ലെന്നും ഇന്ത്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിൽ ഗംഭീർ പറഞ്ഞു.
തന്നെ സംബന്ധിച്ച് ദേശീയതയെന്നാൽ രാജ്യത്തിൻ്റെ വികസനവും വളർച്ചയുമാണെന്ന് ഗംഭീർ പറഞ്ഞു. കശ്മീരിലേതുൾപ്പെടെ എല്ലാ യുവാക്കളും അവസരങ്ങൾ ആഗ്രഹിക്കുന്നുണ്ട്. രാജ്യത്തിനകത്ത് അവർക്ക് അവസരം ലഭിക്കണം. അതാണ് തന്നെ സംബന്ധിച്ചിടത്തോളം ദേശീയത. ദേശീയ ഗാനത്തോട് തനിക്ക് ബഹുമാനവും ആദരവുമാണ്. അതിനായി 52 സെക്കൻഡ് എഴുന്നേറ്റു നിൽക്കുന്നതിൽ തെറ്റൊന്നും കാണുന്നില്ല. പക്ഷേ, തീവ്ര ദേശീയത അംഗീകരിക്കാനാവില്ലെന്നും ഗംഭീർ പറഞ്ഞു.
ആൾക്കൂട്ട കൊലപാതകങ്ങളെ അംഗീകരിക്കാനാവില്ലെന്നും മതത്തിൻ്റെ പേരിൽ സമൂഹത്തെ ഭിന്നിപ്പിക്കുന്നതിനെ ഒരിക്കലും ന്യായീകരിക്കാൻ തനിക്ക് കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങൾക്കിടയിൽ ധ്രുവീകരണം നടത്തുന്നതിനോടും തനിക്ക് യോജിപ്പില്ല. രാജ്യവളർച്ചയെപ്പറ്റി ചിന്തിക്കുന്നതാണ് ദേശീയത. അതിനപ്പുറം തീവ്രദേശീയതയെ ഒരു തരത്തിലും തനിക്ക് അംഗീകരിക്കാനാവില്ലെന്നും ഇത്തരം പ്രശ്നങ്ങളുണ്ടാവുമ്പോൾ താൻ ഇനിയും തുറന്ന് സംസാരിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
കശ്മീരിൽ നടക്കുന്നതിനൊക്കെ ഉമര്‍ അബ്ദുള്ളയും മെഹ്ബൂബ മുഫ്തിയുമാണ് ഉത്തരവാദികൾ. കശ്മീരി യുവാക്കൾക്ക് യാതൊരു അവസരവും ലഭിക്കുന്നില്ല. അവർ റോഡിൽ നിന്ന് കല്ലെറിയുന്നത് വേദനയുണ്ടാക്കുന്നതാണ്. ഏറ്റവും കൂടുതല്‍ കാലം കശ്മീര്‍ ഭരിച്ച കുടുംബം എന്ന നിലയിൽ അവിടെ നടക്കുന്ന കാര്യങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത് ഒമർ അബ്ദുള്ളയുടേയും മെഹ്ബൂബ മുഫ്തിയുടേയും കടമയാണെന്നും ഗംഭീർ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here