‘മക്കാബുലോ’ക്ക് അംഗീകാരം; ദുബായ് ഇന്റർകോൺ അവാർഡ് സ്വന്തമാക്കി മലയാളി പെൺകുട്ടി

ദുബായിലെ പ്രശസ്തമായ ഇന്റർകോൺ അവാർഡ് സ്വന്തമാക്കി കൊല്ലം സ്വദേശിനി എസ് ഷംന. ഇന്ത്യയിൽ അപൂർവം വനിതകൾക്ക് മാത്രമാണ് ഈ അവാർഡ് ലഭിക്കുന്നത്. ഷംനയുടെ ‘മക്കാബുലോ’ എന്ന മൾട്ടി പ്ലാറ്റ്‌ഫോം സോഷ്യൽ മീഡിയ സൈറ്റിനാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. വിവിധ രാജ്യങ്ങളിലെ 150 കമ്പനികളിൽ നിന്ന് തെരഞ്ഞെടുക്കുന്ന 50 കമ്പനികൾക്കായി ഏർപ്പെടുത്തിയ ‘ഇന്റർകോൺ ടോപ്പ് 50 ടെക് ലീഡേഴ്‌സ’് അവാർഡാണ് ഷംന സ്വന്തമാക്കിയത്.
നിലമേൽ മുരുക്കുമൺ ബർക്കത്ത് വില്ലയിൽ സംഗീതജ്ഞനായ സൈനുലാബ്ദീന്റേയും ഷബ്‌ന സെയിനിന്റേയും മകളാണ് ഷംന. ചെന്നൈയിലെ പ്രഥാമിക വിദ്യാഭ്യാസത്തിന് ശേഷം കേരളത്തിൽ പ്ലസ് വൺ പഠിക്കുമ്പോൾ തന്നെ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ബിസിനസ് അനലിസ്റ്റായി പ്രവർത്തിച്ചിരുന്നു. ബംഗളൂരുവിലും കാൺപൂരിലുമുള്ള എം യൂണിവേഴ്‌സ്, ഔട്ട്‌ഗ്രോത്ത് ഡിജിറ്റൽ, മ്യൂസ് ദി പ്ലേസ് എന്നീ കമ്പനികൾക്കു വേണ്ടി മറ്റ് കമ്പനികളുടെ ബിസിനസ് നിലവാരം ഓൺലൈനിൽ നിരീക്ഷിക്കുകയാണ് പ്രധാന ജോലി. ഈ പ്ലാറ്റ്‌ഫോമിൽ പുതിയ ആശയങ്ങൾ ഷംന പങ്കുവച്ചു. ഇതിനിടെ ഇക്കണോമിക്‌സിൽ ബിരുദം നേടുകയും ചെയ്തു.
പല വിഷയങ്ങളിലുമുള്ള വിവരങ്ങൾ ഇന്റർനെറ്റ് ഉപയോക്താക്കൾക്ക് പങ്കുവയ്ക്കുന്ന വെബ്‌സൈറ്റാണ് മക്കാബുലോ. ഗൂഗിളിന്റെ പബ്ലിഷിംഗ് പാർട്ണർഷിപ്പിലാണ് വെബ്‌സൈറ്റിന്റെ പ്രവർത്തനം. ഒക്ടോബറിൽ ദുബായിൽ നടക്കുന്ന ചടങ്ങിലാണ് പുരസ്‌കാരം സമ്മാനിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here