ഭിന്നതാത്പര്യ വിഷയത്തിൽ പരാതി; രവി ശാസ്ത്രിയുടെ നിയമനം അസാധുവായേക്കും

ഭിന്നതാത്പര്യ വിഷയം വീണ്ടും ഇന്ത്യൻ ക്രിക്കറ്റിൽ ചൂടുപിടിക്കുന്നു. ഇത്തവണ മുഖ്യപരിശീലകനായി രവി ശാസ്ത്രിയുടെ നിയമനം വരെ ചോദ്യം ചെയ്തേക്കാവുന്ന തരത്തിലാണ് ഭിന്നതാത്പര്യം ചർച്ചകൾ എത്തി നിൽക്കുന്നത്. കപിൽ ദേവ് അധ്യക്ഷനായ മൂന്നംഗ ഉപദേശക സമിതിയിലെ എല്ലാ അംഗങ്ങളും ഭിന്നതാത്പര്യത്തിൻ്റെ കീഴിൽ വരുന്നതാണെന്ന വെളിപ്പെടുത്തലാണ് വിഷയം സങ്കീർണ്ണമാക്കുന്നത്.
സമിതിയിലുള്ള കപിൽ ദേവ്, അന്‍ഷുമാന്‍ ഗേയ്ക്ക്‌വാദ്, ശാന്താ രംഗസ്വാമി എന്നീ മൂന്ന് അംഗങ്ങൾക്കും ഭിന്ന താത്പര്യ വിഷയത്തിൽ ബിസിസിഐ നോട്ടീസ് അയച്ചു കഴിഞ്ഞു. നോട്ടീസ് ലഭിച്ചതിനെത്തുടർന്ന് ശാന്താ രംഗസ്വാമി സമിതിയിൽ നിന്നും രാജി വെച്ചിരുന്നു. ഈ സാഹചര്യത്തിൽ ഇവർ നടത്തിയ നിയമനം ചോദ്യം ചെയ്യപ്പെടുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. സമിതി അംഗം എന്നതിനൊപ്പം ബിസിസിഐയിലെ മറ്റു സ്ഥാനങ്ങൾ കൂടി ഇവർ വഹിക്കുന്നുണ്ടെന്നായിരുന്നു ഭിന്ന താത്പര്യ വിഷയത്തിലെ നോട്ടീസിലുള്ള പരാതി.
അംഗങ്ങൾ ഭിന്നതാത്പര്യ വിഷയത്തിലെ വ്യവസ്ഥകൾ ലംഘിച്ചു എന്ന് കണ്ടെത്തിയാൽ രവി ശാസ്ത്രിയോടൊപ്പം വനിതാ ടീം പരിശീലകൻ ഡബ്ല്യു രാമൻ്റെ നിയമനവും അസാധുവാകും.
മധ്യപ്രദേശ് ക്രിക്കറ്റ് കൗണ്‍സില്‍ അംഗം സഞ്ജിവ് ഗുപ്തയാണ് ഭിന്ന താത്പര്യ വിഷയം ചൂണ്ടിക്കാട്ടി പരാതി നല്‍കിയത്. ഈ പരാതിയിലാണ് ക്രിക്കറ്റ് എത്തിക്‌സ് കമ്മിറ്റി അധ്യക്ഷന്‍ ടികെ ജയിന്‍ മൂന്നു പേര്‍ക്കും നോട്ടീസ് അയക്കുകയായിരുന്നു. ഒക്ടോബര്‍ പത്തിനു മുമ്പ് വിശദീകരണം നല്‍കണമെന്നാണ് ആവശ്യം. നോട്ടീസ് ലഭിച്ചെതിനെത്തുടർന്ന് ശാന്താ രംഗസ്വാമി സമിതിയിൽ നിന്നും രാജി വെച്ചതിനൊപ്പം ഇന്ത്യന്‍ ക്രിക്കറ്റ് അസോസിയേഷനിലെ ഡയറക്ടര്‍ സ്ഥാനവും രാജിവച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here