‘ഇതുവരെ ബാറിൽ പോയിട്ടില്ല; മനസ്സിൽ കളങ്കമുണ്ടായിരുന്നെങ്കിൽ ആ രാത്രി മകളോട് പറഞ്ഞിട്ട് ഇറങ്ങില്ലായിരുന്നു’; ആരോപണങ്ങൾക്ക് മറുപടിയുമായി വഫ

തിരുവനന്തപുരത്ത് ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ മാധ്യമപ്രവർത്തൻ കെഎം ബഷീറിനെ വണ്ടിയിടിച്ച് കൊലപ്പെടുത്തിയ കേസിലാണ് വഫ ഫിറോസും ഉൾപ്പെട്ടിരിക്കുന്നത്. ഇതെ തുടർന്ന് നിരവധി ആരോപണങ്ങളും വിവാദങ്ങളും പൊട്ടിപ്പുറപ്പെട്ടു. ഇതോടെ വിവാഹമോചനം ആവശ്യപ്പെട്ട് ഫിറോസ് വഫയ്ക്ക് വക്കീൽ നോട്ടീസ് അയച്ചു. വക്കീൽ നോട്ടീസിലെ ആരോപണങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ വഫ.
തന്നെയും ഫിറോസിനെയും അറിയാത്തവർക്ക് വേണ്ടിയാണ് ഇത്തരത്തിലൊരു വീഡിയോ ചെയ്യുന്നത് എന്ന് തുടങ്ങിക്കൊണ്ടാണ് വഫ വീഡിയോ ആരംഭിച്ചത്. തന്റെ വിവാഹത്തിന് ശേഷം കാണുന്ന വ്യക്തിയല്ല തനിക്ക് ഫിറോസ്. മൂന്നോ നാലോ വയസ്സ് മുതൽ ഫിറോസിനെ അറിയാമായിരുന്നു. ‘അങ്കിൾ’ എന്നാണ് ഫിറോസിനെ വിളിച്ചിരുന്നത്. ഫിറോസും താനും തമ്മിൽ 13 വയസ്സിന്റെ വ്യത്യാസമുണ്ടെന്ന് വഫ പറയുന്നു.
അപകടം നടന്ന സംഭവത്തിന് ശേഷം ഫിറോസ് തന്നെയും കുഞ്ഞിനെയും വന്ന് കാണാൻ കൂട്ടാക്കിയില്ലെന്ന് വഫ വീഡിയോയിൽ പറഞ്ഞു. തന്റെ ബന്ധുക്കളെ വിളിച്ച് തന്നെ പൊലീസ് സ്റ്റേഷനിൽ നിന്ന് ഇറക്കണമെന്നും പിന്തുണ നൽകണമെന്നും പറഞ്ഞിരുന്നുവെന്ന് വഫ പറയുന്നു. എന്നാൽ ഫിറോസ് നാട്ടിൽവന്നതിന് ശേഷം തന്നോടുള്ള നിലപാടിൽ മാറ്റമുണ്ടായി. പൊതുജനവും മാധ്യമങ്ങളും പറഞ്ഞ കാര്യങ്ങൾ ഒരു സാധാരണക്കാരന് ഉൾക്കൊള്ളാൻ സാധിക്കുന്ന കാര്യങ്ങളായിരുന്നില്ലെന്നും അതുകൊണ്ട് തന്നെ അദ്ദേഹം അത് വിശ്വസിച്ചുവെന്നും വഫ പറയുന്നു.
തനിക്കെതിരെ നിരവധി ആരോപണങ്ങളുണ്ടായിട്ടുണ്ട്. അതിലൊന്ന് അബോർഷനെ കുറിച്ചാണ്. മകൾക്ക് രണ്ട് വയസ്സുള്ളപ്പോൾ ഫിറോസാണ് തന്നെ ടിക്കറ്റെടുത്താണ് വഫയെ നാട്ടിലേക്ക് വിടുന്നത്. ഫിറോസിന്റെ ബിസിനസെല്ലാം വഫ കാരണമാണ് തകർന്നതെന്നായിരുന്നു മറ്റൊരു ആരോപണം. ജോർജ് എന്ന വ്യക്തിയുമായി ചേർന്നായിരുന്നു ഫിറോസിന്റെ ബിസിനസ്സ്. ബെഹറിനിൽ ഷിയാ-സുന്നി പ്രശ്‌നങ്ങൾ നടന്നിരുന്നപ്പോഴാണ് ഫിറോസിന്റെ ബിസിനസ്സ് തകരുന്നതും അത് തന്റെ തലയിൽ കെട്ടിവക്കരുതെന്നും വഫ പറയുന്നു.
വഫ ബാറിൽ പോകുമെന്നും മദ്യപിക്കുമെന്നുമായിരുന്നു മറ്റൊരു ആരോപണം. എന്നാൽ താൻ അഞ്ച് വർഷമായി അബുദാബിയിൽ ആയിരുന്നുവെന്നും ഇന്നുവരെ ഒരു ബാറിൽ പോയിട്ടില്ലെന്നും വഫ പറയുന്നു. ശ്രീറാം തന്റെ സുഹൃത്ത് മാത്രമാണെന്നും വഫ വീഡിയോയിലൂടെ പറയുന്നു. ഡ്രൈവിംഗ് തനിക്ക് വളരെ ഇഷ്ടമാണെന്നും അതുകൊണ്ടാണ് രാത്രി ഒന്നരയ്ക്ക് പോയതെന്നും വഫ പറയുന്നു. മനസ്സിൽ കളങ്കമുണ്ടായിരുന്നെങ്കിൽ മകളോട് യാത്ര പറഞ്ഞ് പോവില്ലായിരുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് വഫ വീഡിയോ അവസാനിപ്പിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here