പഴയന്നൂരിൽ നായ്ക്കളുമായെത്തി ബാർ അടിച്ചു തകർത്ത സംഭവം; രണ്ടുപേർ അറസ്റ്റിൽ

തൃശൂർ പഴയന്നൂരിൽ നായ്ക്കളുമായെത്തി ബാർ അടിച്ചു തകർത്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. പൂങ്കുന്നം, വെട്ടിയാട്ടിൽ വൈശാഖ് അഞ്ചേരി, കുരിയചിറ നെല്ലിക്കൽ സ്വദേശി വൈശാഖ് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.
പഴയന്നൂർ രാജ് ബാറിൽ കഴിഞ്ഞ മാസമായിരുന്നു ആക്രമണം നടന്നത്. ബാറിൽ നിന്ന് മദ്യപിച്ച ശേഷം പണം നൽകാത്തതിനെ തുടർന്നുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. ബിൽ തുകയായ 950 രൂപ നൽകാൻ പണമില്ലാത്തതിനാൽ ബാറിലെ സപ്ലയർ 2 യുവാക്കളുടെ മൊബൈൽ ഫോണുകൾ പിടിച്ചുവച്ചതാണ് ആക്രമണത്തിനു പ്രകോപനമായത്.
തർക്കം നടന്ന ശേഷം നായകളെ അഴിച്ചുവിട്ട പ്രതികൾ ബാർ അടിച്ചു തകർത്തു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് പ്രതികളെ തിരിച്ചറിയുകയായിരുന്നു. ഇടുക്കിയിൽ ഒളിവിൽ കഴിക്കുകയായിരുന്നു പ്രതികൾ, പൊലീസ് സ്ഥലത്തെത്തിയെന്നു വിവരത്തെ തുടർന്ന് തൃശൂരിലേക്ക് കടക്കാൻ ശ്രമിച്ചിരുന്നു. പ്രതികളെ ചെലക്കാരയിൽ നിന്നും ഷൊർണൂരിൽ നിന്നുമാണ് പിടികൂടിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here