കളിക്കിടെ പന്തിന്റെ ‘ഒളിച്ചുകളി’; രക്ഷകനായി ക്യാമറ മാൻ: ചിരിയുണർത്തുന്ന വീഡിയോ

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരം പുരോഗമിക്കുകയാണ്. ഇന്ത്യയുടെ 502 റൺസിനു മറുപടിയായി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 5 വിക്കറ്റ് നഷ്ടത്തിൽ 185 റൺസെടുത്തിട്ടുണ്ട്. ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസും ഓപ്പണർ ഡീൻ എൽഗറുമാണ് പ്രോട്ടീസ് ഇന്നിംഗ്സ് താങ്ങി നിർത്തിയത്.
മത്സരത്തിൻ്റെ രണ്ടാം ദിനമായ ഇന്നലെയും ആദ്യ ദിനത്തിലും ഇന്ത്യൻ ആധിപത്യമായിരുന്നു. മയങ്ക് അഗർവാളിൻ്റെ ഇരട്ട സെഞ്ചുറിയും രോഹിത് ശർമ്മ സെഞ്ചുറിയും നേടി ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചു. ഇന്ത്യൻ ബാറ്റിംഗിനിടെ നടന്ന പന്തിൻ്റെ ഒളിച്ചു കളി വീഡിയോ വൈറലാവുകയാണ്. വിക്കറ്റ് കീപ്പർ ഋഷഭ് പന്തല്ല, ക്രിക്കറ്റ് പന്താണ് അല്പ സമയം ദക്ഷിണാഫ്രിക്കൻ ഫീൽഡർമാരെ വട്ടം കറക്കിയത്.
ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 129-ാം ഓവറിലായിരുന്നു സംഭവം. ഫീല്‍ഡര്‍ എറിഞ്ഞ പന്ത് വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡികോക്ക് മിസ്‌ഫീൽഡ് ചെയ്തു. പന്ത് ബൗണ്ടറി തൊട്ടു. പിന്നാലെ പന്തെടുക്കാൻ പോയത് പേസ് ബൗളർ വെർണോൺ ഫിലാൻഡർ. പക്ഷേ, കുറേ സമയം തിരഞ്ഞിട്ടും ഫിലാൻഡറിന് പന്ത് കണ്ടെത്താനായില്ല. ഇതോടെ ദക്ഷിണാഫ്രിക്കന്‍ ടീമിലെ രണ്ട് റിസര്‍വ് താരങ്ങളും തിരച്ചിലിനായി രംഗത്തെത്തി. ഒരു രക്ഷയുമില്ല.
ഇതോടെ ക്യാമറമാൻ ഇടപെട്ടു. ബൗണ്ടറി റോപ്പിലെ പരസ്യ കുഷ്യനുകളിൽ കുടുങ്ങിക്കിടക്കുന്ന പന്തിൻ്റെ ഒരു എക്സ്ട്രീം ക്ലോസപ്പ്. ദൃശ്യം സ്റ്റേഡിയത്തിലെ ബിഗ് സ്ക്രീനിൽ കണ്ട പ്രോട്ടീസ് ബാറ്റ്സ്മാൻ ഐഡൻ മാർക്രം ഫിലാൻഡറുടെ രംഗത്തെത്തി. അങ്ങനെയാണ് പന്ത് വീണ്ടെടുത്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here