‘ഏഴ്’ അശ്വിൻ: ദക്ഷിണാഫ്രിക്കയുടെ പോരാട്ടം അവസാനിച്ചു; ഇന്ത്യക്ക് നേരിയ ലീഡ്

ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടെസ്റ്റിൻ്റെ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യക്ക് 71 റൺസിൻ്റെ ലീഡ്. ഇന്ത്യയുടെ 502നു മറുപടി ബാറ്റിംഗിനിറങ്ങിയ പ്രോട്ടീസ് 431 റൺസിന് എല്ലാവരും പുറത്തായി. ഏഴ് വിക്കറ്റെടുത്ത ആർ അശ്വിനാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്. ഡീൽ എൽഗർ (160), ക്വിൻ്റൺ ഡികോക്ക് (111) എന്നിവരുടെ സെഞ്ചുറികളാണ് ദക്ഷിണാഫ്രിക്കയെ ഇന്ത്യൻ സ്കോറിനരികെ എത്തിച്ചത്. ഏകദേശം ഒന്നേമുക്കാൽ ദിവസം കൂടി അവശേഷിക്കെ മത്സരം ആവേശകരമായ അന്ത്യത്തിലേക്കാണ് നീങ്ങുന്നത്.
385/8 എന്ന നിലയിൽ നാലാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് 11 റൺസ് കൂടി കൂട്ടിച്ചേർത്തപ്പോഴേക്കും ഒൻപതാം വിക്കറ്റ് നഷ്ടമായി. 9 റൺസെടുത്ത കേശവ് മഹാരാജിനെ അശ്വിൻ മായങ്ക് അഗർവാളിൻ്റെ കൈകളിലെത്തിച്ചു.
തുടർന്ന് കഗീസോ റബാഡ ക്രീസിലെത്തി. സേനുരൻ മുത്തുസാമിയ്ക്ക് ഉറച്ച പിന്തുണ നൽകിയ റബാഡ ഇന്ത്യൻ സ്പിൻ ദ്വയത്തെ ശ്രദ്ധാപൂർവം നേരിട്ടു. അവസാന വിക്കറ്റിൽ ഇരുവരും ചേർന്ന് 35 റൺസ് കൂട്ടിച്ചേർത്തു. 15 റൺസെടുത്ത റബാഡയെ വിക്കറ്റിനു മുന്നിൽ കുടുക്കി അശ്വിനാണ് ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്സിനു തിരശീലയിട്ടത്. ഈ വിക്കറ്റോടെ അശ്വിൻ ഇന്നിംഗ്സിൽ ഏഴ് വിക്കറ്റുകളും നേടി.
രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റുകളിട്ടു. അവശേഷിക്കുന്ന ഒരു വിക്കറ്റ് ഇഷാന്ത് ശർമ്മയ്ക്കാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here