കേരള കോൺഗ്രസ് ജന്മദിന ആഘോഷത്തിൽ ഏറ്റുമുട്ടി ജോസ് കെ മാണി- ജോസഫ് വിഭാഗങ്ങൾ

പാർട്ടിയുടെ ജന്മദിന ആഘോഷത്തിലും പരസ്പരം ഏറ്റുമുട്ടി കേരള കോൺഗ്രസ് ജോസ് കെ മാണി- ജോസഫ് വിഭാഗങ്ങൾ. പാലായിലെ പരാജയത്തിന് ഉത്തരവാദികൾ മറുപക്ഷമെന്ന് ഇരു വിഭാഗങ്ങളും ആരോപിച്ചു. കോട്ടയത്ത് വ്യത്യസ്ത പരിപാടികളിലാണ് പിജെ ജോസഫ്- ജോസ് കെ മാണി പക്ഷങ്ങൾ പാർട്ടി രൂപീകരണ വാർഷികം ആഘോഷിച്ചത്.
കെഎം മാണിയുടെ വിയോഗശേഷം നടന്ന ആദ്യ ജന്മദിന ആഘോഷ പരിപാടിയും ഇരു വിഭാഗങ്ങളും ഏറ്റുമുട്ടൽ വേദിയാക്കി. രണ്ടായി നടത്തിയ ആഘോഷത്തിൽ നേതാക്കൾ പരസ്പരം ചെളിവാരി എറിയൽ തുടർന്നു. ജോസ് കെ മാണി ഒറ്റക്ക് തീരുമാനമെടുക്കാൻ കഴിയാത്തയാളാണെന്നും പാലായിലെ പരാജയം ഉപദേശകരെ അനുസരിക്കാൻ പോയത് കൊണ്ടാണെന്നും പിജെ ജോസഫ് പരിഹസിച്ചു.
അടുപ്പമുള്ളയാളാണെങ്കിലും ശത്രുവിനെ ശത്രുവായി കണക്കാക്കണമെന്നതാണ് പാലാ നൽകുന്ന പാഠമെന്ന് പരാജയപ്പെട്ട യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ജോസ് ടോം പ്രതികരിച്ചത്. ഇതിന് ബാക്കി ഉപതിരഞ്ഞെടുപ്പുകൾക്ക് ശേഷം മറുപടി പറയുമെന്നും തൽക്കാലം പ്രതികരണത്തിന് മുതിരുന്നില്ലെന്നും ജോസ് കെ മാണി മറുപടി പറഞ്ഞു.
ജോസ് കെ മാണി വിഭാഗം അൻപത്തിയഞ്ചാം വാർഷികം ആഘോഷിച്ചപ്പോൾ, അൽപത്തിയാറാം വാർഷികമായാണ് ജോസഫ് പക്ഷം ആഘോഷം നടത്തിയത്. കേരള കോൺഗ്രസ് പിസി തോമസ്, ഫ്രാൻസിസ് ജോർജ്, ജേക്കബ് വിഭാഗങ്ങളും കോട്ടയത്ത് തന്നെയാണ് ജന്മദിനം ആഘോഷിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here