Advertisement

കൊച്ചിയിൽ രണ്ടര വർഷം മുൻപ് നടന്ന കവർച്ചാ പരമ്പര: കർണാടക സ്വദേശിയായ പ്രധാനപ്രതി റിമാൻഡിൽ

October 9, 2019
0 minutes Read

കൊച്ചിയിലെ കവർച്ചാ പരമ്പരയിൽ പിടിയിലായ പ്രധാനപ്രതി കർണാടക സ്വദേശി മണിക് റിമാൻഡിൽ. കഴിഞ്ഞ ദിവസമാണ് കർണാടക ധാർവാദ സെൻട്രൽ ജയിലിൽ നിന്ന് എറണാകുളം നോർത്ത് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. തിഹാർ ജയിലുള്ള മറ്റൊരു പ്രതി അലംഗീർ റഫീക്കിനെ ഉടൻ കൊച്ചിയിൽ എത്തിക്കും. രണ്ടര വർഷം മുൻപ് നടന്ന കവർച്ചാ പരമ്പരയിൽ ഒരാൾ കൂടി പിടിയിലാകാനുണ്ട്.

2017 ഡിസംബറിൽ തൃപ്പൂണിത്തുറയിലും പുല്ലേപ്പടിയിലും വീട്ടുകാരെ ആക്രമിച്ച് കവർച്ച നടത്തിയ കേസിലാണ് സംഘത്തിലെ പ്രധാനി ബംഗ്ലാദേശ് ചാന്ദിപ്പൂർ സ്വദേശി മണിക്കിനെ എറണാകുളം നോർത്ത് പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയത്. സമാനമായ മറ്റൊരു കവർച്ചാ കേസുമായി ബന്ധപ്പെട്ട് പിടിയിലായ മണിക് കർണാടക ധാർവാദ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്നു. അതിനിടെയാണ് പ്രതിയെക്കുറിച്ച് വിവരം ലഭിച്ച് നോർത്ത് പൊലീസ് കർണാടകയിൽ എത്തി മണിക്കിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തിഹാർ ജയിലിൽ കഴിയുന്ന മറ്റൊരു പ്രതി അലംഗീർ റഫീക്കിനെ ഉടൻ കൊച്ചിയിലെത്തിക്കും. ഇവരെ എറണാകുളത്തെത്തിച്ച് ചോദ്യം ചെയ്യുന്നതിന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ പൂങ്കുഴലി, എറണാകുളം നോർത്ത് എസ് ഐ മൊയ്തീന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

ബംഗ്ലദേശിൽ നിന്ന് അനധികൃതമായി കുടിയേറി ഡൽഹിയിൽ താമസിക്കുകയായിരുന്നു പ്രതികൾ. അഞ്ച് കോടിയിൽ പരം മൊബൈൽ നമ്പറുകൾ പരിശോധിച്ചാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്. മോഷണത്തിന് പിന്നിൽ 11 അംഗ സംഘമാണെന്ന് വ്യക്തമായതോടെയാണ് അന്വേഷണം വ്യാപിപ്പിച്ചത്. അനധികൃതമായി അതിർത്തി കടന്ന് ഇന്ത്യയിലെത്തിയ സംഘം ഡൽഹി, ഹൈദരാബാദ്, ബംഗളൂരു, കണ്ണൂർ തുടങ്ങിയ സ്ഥലങ്ങളിലും സമാന രീതിയിൽ കവർച്ച നടത്തിയിരുന്നു.

എറണാകുളം പുല്ലേപ്പടി പാലത്തിന് സമീപം ഇല്ലിമൂട്ടിൽ ഇ കെ ഇസ്മയിലിന്റെ വീട്ടിൽ 2017 ഡിസംബർ 15ന് പുലർച്ചെയും തൃപ്പൂണിത്തുറ എസ്എംപി കോളനി റോഡിൽ ആനന്ദകുമാറിന്റെ വീട്ടിൽ പിറ്റേന്നുമാണ് മോഷണം നടന്നത്. പുല്ലേപ്പടിയിൽ നിന്ന് അഞ്ചുപവൻ സ്വർണവും തൃപ്പൂണിത്തുറയിൽ നിന്ന് 54 പവനും 20,000 രൂപയും മോഷണം പോയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top