‘ജോളി കഴിഞ്ഞാൽ വിവാഹത്തിന് ഏറ്റവും അധികം നിർബന്ധിച്ചത് സിജോ’; മുൻ നിലപാടിൽ ഉറച്ച് ഷാജു

കൂടത്തായി കൂട്ടക്കൊലക്കേസിൽ മുൻനിലപാട് ആവർത്തിച്ച് ജോളിയുടെ ഭർത്താവ് ഷാജു. ജോളി കഴിഞ്ഞാൽ വിവാഹത്തിന് ഏറ്റവും അധികം നിർബന്ധിച്ചത് സിലിയുടെ സഹോദരൻ സിജോയാണെന്ന് ഷാജു പറഞ്ഞു. സിജോയും ജോളിയും തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നു. സിജോ വിവാഹത്തിൽ പങ്കെടുക്കാതിരുന്നത് ബന്ധുക്കളുടെ എതിർപ്പ് മൂലമാകാമെന്നും ഷാജു ട്വന്റിഫോറിനോട് പറഞ്ഞു.
ജോളിയുമായുള്ള വിവാഹത്തിന് നിർബന്ധിച്ചത് സിജോയാണെന്നായിരുന്നു ഷാജുവിന്റെ ആദ്യ പ്രതികരണം. ഇത് തള്ളി സിജോ രംഗത്തെത്തുകയും ചെയ്തു. ഷാജുവിനെ രണ്ടാം വിവാഹത്തിന് നിർബന്ധിച്ചിട്ടില്ലെന്നായിരുന്നു സിജോ ക്രൈംബ്രാഞ്ചിന് നൽകിയ മൊഴി. ഷാജുവിന്റെ ആരോപണം മാത്രമാണതെന്നും സിജോ വ്യക്തമാക്കിയിരുന്നു. ഷാജുവിന്റെ രണ്ടാം വിവാഹത്തിന് താനുൾപ്പെടെ കുടുംബത്തിൽ നിന്ന് ആരും പങ്കെടുത്തില്ലെന്നും സിജോ പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച് പ്രതികരണം ആരാഞ്ഞപ്പോളായിരുന്നു ഷാജു തന്റെ മുൻ നിലപാടിൽ ഉറച്ചു നിന്നത്.
അതേസമയം, ജോളിയെയും കൂട്ട് പ്രതികളെയും കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ സമർപ്പിക്കും. താമരശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് അപേക്ഷ നൽകുക. എന്നാൽ ദേഹാസ്വാസ്ഥ്യങ്ങളെ തുടർന്ന് ജോളിയെ ഇന്നലെ വൈദ്യ പരിശോധനക്ക് വിധേയമാക്കിയ പശ്ചാത്തലത്തിൽ ഇന്ന് കസ്റ്റഡി അനുവദിക്കുമോ എന്ന കാര്യം സംശയമാണ്. 15 ദിവസത്തെ പൊലീസ് കസ്റ്റഡിയാണ് ആവശ്യപ്പെടുക.
Read also:ജോളി രണ്ട് കുട്ടികളെ കൂടി കൊല്ലാൻ ശ്രമിച്ചിരുന്നുവെന്ന് പൊലീസ്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here