ഇന്ത്യ- ചൈന രണ്ടാം അനൗപചാരിക ഉച്ചകോടി മഹാബലിപുരത്ത് ആരംഭിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങും തമ്മിലുള്ള രണ്ടാം അനൗപചാരിക ഉച്ചകോടി ചെന്നൈക്കടുത്ത് മഹാബലിപുരത്ത് ആരംഭിച്ചു. ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ ചൈനീസ് പ്രസിഡന്റിന് ഊഷ്മളമായ വരവേൽപ്പാണ് ലഭിച്ചത്. കശ്മീർ വിഷയത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ അഭിപ്രായ വ്യത്യാസം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച.
ചൈന്നൈ വിമാനത്താവളത്തിലെത്തിയ ചൈനിസ് പ്രസിഡന്റിന് പ്രൗഡഗംഭീരമായ സ്വീകരണമാണ് ലഭിച്ചത്. താളമേളങ്ങളാൽ സമ്പന്നമായ അന്തരീക്ഷത്തിൽ വിമാനമിറങ്ങിയ ഷി ജിങ് പിങ് തുടർന്ന് ഹോട്ടൽ ഐടിസി മൗര്യയിലേക്ക് പോയി. അവിടെ നിന്നായിരുന്നു മഹാബലിപുരത്തേക്കുള്ള യാത്ര. 55 കിലോമീറ്റർ ദൂരം താണ്ടി മഹാബലിപുരത്തേക്ക് എത്തിയ ചൈനീസ് പ്രസിഡന്റിനെ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ചു.
തമിഴ് ശൈലിയിൽ മുണ്ടും ഷർട്ടും ആയിരുന്നു പ്രധാനമന്ത്രിയുടെ വേഷം. തുടർന്ന് ഇരു നേതാക്കളും പാണ്ഡവരുമായി ബന്ധപ്പെട്ട മഹാബലിപുരത്തെ സ്ഥലങ്ങളും ക്ഷേത്രങ്ങളും കണ്ടു. നാളെ രാവിലെ മുതൽ ഇരു നേതാക്കളും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകൾ ആരംഭിക്കും. ഇന്ത്യയും ചൈനയുമുൾപ്പെടെയുള്ള രാജ്യങ്ങൾ പങ്കാളികളായ സ്വതന്ത്രവ്യാപാരക്കരാർ ആർസിഇപിയെക്കുറിച്ചുള്ള ചർച്ചയാണ് അജണ്ടയിൽ പ്രധാനം.
വെള്ളിയാഴ്ചയും ശനിയാഴ്ചയും നടക്കുന്ന ചർച്ചകളിൽ കരാർ സംബന്ധിച്ച് ഇരു നേതാക്കളും ആശയവിനിമയം നടത്തും. ചൈനീസ് ഉത്പന്നങ്ങളുടെ ഇന്ത്യയിലേക്കുള്ള ഇറക്കുമതി കൂട്ടാനിടയാക്കുന്ന ആർസിഇപി കരാർ ആഭ്യന്തര ഉത്പാദനത്തെയും വ്യവസായത്തെയും തകർക്കുമെന്ന ആശങ്ക ഇന്ത്യയ്ക്ക് ഉണ്ട്. ഈ സാഹചര്യത്തിൽ കരാറിൽ കൂടുതൽ വ്യവസ്ഥകൾ ഇന്ത്യ മുന്നോട്ട് വയ്ക്കും. ചൈനയിൽ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് കമ്പോളം വേണമെന്നത് ഉൾപ്പടെയാകും ഇന്ത്യയുടെ ആവശ്യം.
226 കോടി ഡോളറാണ് ഇപ്പോഴത്തെ ഇന്ത്യയിലെ ചൈനയുടെ നിക്ഷേപം. ഇന്ത്യയിലേക്ക് കൂടുതൽ ചൈനീസ് നിക്ഷേപം പ്രധാനമന്ത്രി ക്ഷണിക്കും. ഉഭയകക്ഷി വാണിജ്യം, ഭീകരതക്കെതിരേയുള്ള കൂട്ടായ്മ, പരസ്പരവിശ്വാസം വർധിപ്പിക്കുന്നതിനുള്ള നടപടികൾ തുടങ്ങിയവ ഉച്ചകോടിയിൽ ചർച്ചയാകും. അതേസമയം, കാശ്മീർ അടക്കമുള്ള വിഷയങ്ങളിൽ ഗൗരവകരമായ ചർച്ചയ്ക്ക് ഇരു നേതാക്കളും മുതിരില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here