കോലിക്ക് സെഞ്ചുറി; രഹാനെക്ക് അർധസെഞ്ചുറി: ഇന്ത്യ ശക്തമായ നിലയിൽ

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ. മായങ്ക് അഗർവാളിനു പിന്നാലെ ക്യാപ്റ്റൻ വിരാട് കോലിയും സെഞ്ചുറി തികച്ചതോടെ ഇന്ത്യ കൂറ്റൻ സ്കോറിലേക്കു കുതിക്കുകയാണ്. അർധസെഞ്ചുറികൾ നേടിയ ചേതേശ്വർ പൂജാരയും അജിങ്ക്യ രഹാനെയും ഇന്ത്യൻ ഇന്നിംഗ്സിനു കരുത്തായി.
മൂന്നു വിക്കറ്റിന് 269 എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ചത്. ദക്ഷിണാഫ്രിക്കൻ ബൗളർമാർ കിണഞ്ഞു ശ്രമിച്ചിട്ടും രഹാനെ-കോലി സഖ്യത്തെ പിരിക്കാനായില്ല. ഇതിനിടെ അജിങ്ക്യ രഹാനെ അർധസെഞ്ചുറി പിന്നിട്ടു. വെർണോൺ ഫിലാണ്ടറിനെതിരെ മനോഹരമായ ഒരു സ്ട്രൈറ്റ് ഡൈവിലൂടെ ബൗണ്ടറി നേടിയ കോലി സെഞ്ചുറിയും തികച്ചു. ടെസ്റ്റിലെ തൻ്റെ 26ആം സെഞ്ചുറിയാണ് കോലി തികച്ചത്.
ആദ്യ ദിവസം മായങ്ക് അഗർവാളിൻ്റെ തുടർച്ചയായ രണ്ടാം സെഞ്ചുറിയായിരുന്നു പ്രത്യേകത. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്കായി ഓപ്പണർമാർ കരുതലോടെയാണ് തുടങ്ങിയത്. 10 ഓവർ നീണ്ടു നിന്ന കൂട്ടുകെട്ട് കഗീസോ റബാഡ തകർത്തു. 14 റൺസെടുത്ത രോഹിത് ശർമ്മയെ റബാഡ ഡികോക്കിൻ്റെ കൈകളിലെത്തിക്കുകയായിരുന്നു. രണ്ടാം വിക്കറ്റിൽ അഗർവാളിനൊപ്പം ചേതേശ്വർ പൂജാര ഒത്തുചേർന്നു. അനായാസം ബാറ്റ് ചെയ്ത ഇരുവരും വെല്ലുവിളികളില്ലാതെയാണ് സ്കോർ ഉയർത്തിയത്. രണ്ടാം വിക്കറ്റിൽ അഗർവാളും പൂജാരയും ചേർന്ന് 138 റൺസ് കൂട്ടിച്ചേർത്തു. 58 റൺസെടുത്തു നിൽക്കെ പൂജാരയെ ഡുപ്ലെസിയുടെ കൈകളിലെത്തിച്ച റബാഡയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
പൂജാര പുറത്തായിട്ടും മികച്ച രീതിയിൽ ബാറ്റിംഗ് തുടർന്ന അഗർവാൾ ക്യാപ്റ്റൻ വിരാട് കോലിയോടൊപ്പം ചേർന്ന് ഇന്ത്യൻ ഇന്നിംഗ്സ് മുന്നോട്ടു നയിച്ചു. കേശവ് മഹാരാജിനെ തുടർച്ചയായ രണ്ട് സിക്സറുകളടിച്ച് 99 റൺസിലെത്തിയ അഗർവാൾ തൊട്ടടുത്ത ഓവറിൽ ഫിലാണ്ടറിനെ ബൗണ്ടറിയടിച്ച് സെഞ്ചുറി തികച്ചു. വീരേന്ദർ സെവാഗിനു ശേഷം ദക്ഷിണാഫ്രിക്കക്കെതിരെ തുടർച്ചയായ രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ സെഞ്ചുറി നേടുന്ന ഓപ്പണറെന്ന റെക്കോർഡും അഗർവാൾ ഇതോടെ സ്വന്തം പേരിലാക്കി. 10 വർഷങ്ങൾക്കു മുൻപ്, 2009ലായിരുന്നു സെവാഗിൻ്റെ റെക്കോർഡ്.
108 റൺസെടുത്ത അഗർവാൾ റബാഡയ്ക്ക് മൂന്നാം വിക്കറ്റ് സമ്മാനിച്ച് മടങ്ങി. അഗർവാളിനെ റബാഡ ഡുപ്ലെസിസിൻ്റെ കൈകളിലെത്തിച്ചു. തുടർന്നാണ് കോലി-രഹാനെ സഖ്യം ക്രീസിൽ ഒത്തുചേർന്നത്.
ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 352 റൺസെടുത്തിട്ടുണ്ട്. കോലി 103 റൺസെടുത്തും രഹാനെ 55 റൺസെടുത്തും പുറത്താവാതെ നിൽക്കുന്നു. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 154 റൺസാണ് ഇതുവരെ കൂട്ടിച്ചേർത്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here