ലോറ വോൾഫർട്ടിന് അർധസെഞ്ചുറി; ദക്ഷിണാഫ്രിക്കൻ വനിതകൾ മികച്ച നിലയിൽ

ഇന്ത്യൻ വനിതകൾക്കെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ദക്ഷിണാഫ്രിക്ക മികച്ച നിലയിൽ. അർധസെഞ്ചുറി നേടി പുറത്താവാതെ നിൽക്കുന്ന ലോറ വോൾഫർട്ടിൻ്റെ മികവിലാണ് പ്രോട്ടീസ് മികച്ച സ്കോറിലേക്ക് കുതിക്കുന്നത്. രണ്ട് വിക്കറ്റാണ് ദക്ഷിണാഫ്രിക്കക്ക് നഷ്ടമായത്.
കഴിഞ്ഞ മത്സരത്തിലെ അവിശ്വസനീയ ബാറ്റിംഗ് തകർച്ചയുടെ ഞെട്ടലിൽ നിന്ന് തങ്ങൾ കരകയറിയെന്ന വിളംബരത്തോടെയാണ് ദക്ഷിണാഫ്രിക്ക തുടങ്ങിയത്. ടോസ് നേടി ബാറ്റിനിംഗിനിറങ്ങേണ്ടി ദക്ഷിണാഫ്രിക്കക്ക് വേണ്ടി ഓപ്പണർമാരായ ലിസൽ ലീയും ലോറ വോൾഫർട്ടും അനായാസം സ്കോർ ചെയ്തു. കൂട്ടത്തിൽ ലിസൽ ലീയായിരുന്നു അപകടകാരി.
ബൗളർമാരെ മാറി മാറി പരീക്ഷിച്ചിട്ടും ഇന്ത്യക്ക് ഈ കൂട്ടുകെട്ട് പൊളിക്കാനായില്ല. ഒടുവിൽ പൂനം യാദവാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക്‌ത്രൂ നൽകിയത്. 16ആം ഓവറിൽ ലിസൽ ലീയെ പൂനം ഹർമൻപ്രീതിൻ്റെ കൈകളിലെത്തിച്ചു. 40 റൺസെടുത്താണ് ലീ പുറത്തായത്. 76 റൺസിൻ്റെ ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ടും ലീ, ലോറക്കൊപ്പം പടുത്തുയർത്തിയിരുന്നു.
രണ്ടാം വിക്കറ്റിൽ ലോറക്കൊപ്പം ഒത്തുചേർന്ന ട്രിഷ ചെട്ടിയും മികച്ച രീതിയിൽ ബാറ്റ് വീശിയതോടെ ഇന്ത്യ വിയർത്തു. 51 റൺസാണ് ഇരുവരും ചേർന്ന് സ്കോർബോർഡിലേക്ക് ചേർത്തത്. 30ആം ഓവറിലെ അവസാന പന്തിൽ 22 റൺസെടുത്ത ചെട്ടിയെ ഗോസ്വാമിയുടെ കൈകളിലെത്തിച്ച ശിഖ പാണ്ഡെ ഈ കൂട്ടുകെട്ട് പൊളിച്ചു.
ഒടുവിൽ വിവരം ലഭിക്കുമ്പോൾ ദക്ഷിണാഫ്രിക്ക 30 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 127 റൺസെടുത്തിട്ടുണ്ട്. 58 റൺസെടുത്ത ലോറക്കൊപ്പം റണ്ണൊന്നുമെടുക്കാതെ മിന്യോൺ ഡുപ്രീസാണ് ക്രീസിൽ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here