കോലിക്ക് ഇരട്ട ശതകം; ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിൻ്റെ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്. ക്യാപ്റ്റൻ വിരാട് കോലിയുടെ ഇരട്ട ശതകത്തിൻ്റെ മികവിലാണ് ഇന്ത്യ കുതിക്കുന്നത്. മായങ്ക് അഗർവാൾ ഇന്ത്യക്കായി സെഞ്ചുറി നേടിയിരുന്നു. അജിങ്ക്യ രഹാനെ, ചേതേശ്വർ പൂജാര എന്നിവർ അർധസെഞ്ചുറികളും നേടി.
മൂന്നു വിക്കറ്റിന് 269 എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ചത്. ദക്ഷിണാഫ്രിക്കൻ ബൗളർമാർ കിണഞ്ഞു ശ്രമിച്ചിട്ടും രഹാനെ-കോലി സഖ്യത്തെ പിരിക്കാനായില്ല. ഇതിനിടെ അജിങ്ക്യ രഹാനെ അർധസെഞ്ചുറി പിന്നിട്ടു. വെർണോൺ ഫിലാണ്ടറിനെതിരെ മനോഹരമായ ഒരു സ്ട്രൈറ്റ് ഡൈവിലൂടെ ബൗണ്ടറി നേടിയ കോലി സെഞ്ചുറിയും തികച്ചു. ടെസ്റ്റിലെ തൻ്റെ 26ആം സെഞ്ചുറിയാണ് കോലി തികച്ചത്.
178 റൺസിൻ്റെ നാലാം വിക്കറ്റ് കൂട്ടുകെട്ട് കേശവ് മഹാരാജാണ് പൊളിച്ചത്. അർധസെഞ്ചുറിയടിച്ചതിനു പിന്നാലെ രഹാനയെ (59) മഹാരാജ് ഡികോക്കിൻ്റെ കൈകളിലെത്തിച്ചു. തുടർന്ന് ബാറ്റിംഗ് ഓർഡറിൽ സ്ഥാനക്കയറ്റം കിട്ടി രവീന്ദ്ര ജഡേജ ക്രീസിലെത്തി. ജഡേജയെ ഒരിടത്തു നിർത്തി കോലി ആക്രമണാത്മക ബാറ്റിംഗ് പുറത്തെടുത്തു.
295 പന്തുകളിൽ കോലി ഇരട്ടശതകം കുറിച്ചു. ടെസ്റ്റിലെ തൻ്റെ ഏഴാം ഡബിൾ സെഞ്ചുറി തികച്ച കോലി ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യൻ താരമായി. ജഡേജയും കോലിയുമായി ഇതുവരെ 107 റൺസാണ് അഞ്ചാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. കോലി 200 റൺസും ജഡേജ 29 റൺസും എടുത്ത് പുറത്താവാതെ നിൽക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here