ശ്രീലങ്കക്കെതിരായ പരമ്പര തോൽവി; ഈ ടീമിനെ വെച്ച് എങ്ങനെ ജയിക്കാനാണെന്ന് മിസ്ബാഹുൽ ഹഖ്

ശ്രീലങ്കക്കെതിരെ സ്വന്തം നാട്ടിൽ ടി-20 പരമ്പര അടിയറ വെച്ച പാക് ടീമിനെ ആരാധകർ രൂക്ഷമായി കുറ്റപ്പെടുത്തുകയാണ്. പ്രധാന കളിക്കാരൊന്നും ഇല്ലാതെ കളിക്കാനെത്തിയ ശ്രീലങ്കയോട് ടി-20 റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുള്ള ടീം തോറ്റത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നാണ് ആരാധകർ പറയുന്നത്. ഇതിനിടെയാണ് ടീമിനെയും ടീമിൻ്റെ സമീപനത്തെയും പരസ്യമായി വിമർശിച്ചു കൊണ്ട് പരിശീലകൻ മിസ്ബാഹുൽ ഹഖ് രംഗത്തു വന്നത്
സീരീസ് തോൽവിക്ക് ശേഷം പത്രക്കാരോട് സംസാരിക്കുകയായിരുന്നു മിസ്ബാഹ്. ഈ ടീം തന്നെയാണ് കഴിഞ്ഞ നാലു വർഷമായി കളിക്കുന്നതെന്നും കളിക്കാരുടെ ആറ്റിറ്റ്യൂഡ് ശരിയല്ലെന്നും മിസ്ബാഹ് കുറ്റപ്പെടുത്തി. തോൽവിക്ക് കാരണം താൻ ആണെന്ന് നിങ്ങൾക്ക് കുറ്റപ്പെടുത്താമെന്നും സത്യം അതല്ലെന്നും പാക് പരിശീലകൻ കൂട്ടിച്ചേർത്തു. 10 ദിവസം കൊണ്ട് താനെങ്ങനെയാണ് അവരെ പരിശീലിപ്പിക്കുക എന്നും മിസ്ബാഹ് ചോദിച്ചു.
ഭാവിയിൽ ടീമിനെ മികച്ചതാക്കാമെന്ന് പ്രത്യാശ പ്രകടിപ്പിച്ച മിസ്ബാഹ് തനിക്ക് സമയം നൽകണമെന്നും അഭ്യർത്ഥിച്ചു.
മൂന്നു മത്സരങ്ങളടങ്ങിയ ടി-20 പരമ്പര ശ്രീലങ്ക തൂത്തുവാരുകയായിരുന്നു. സുരക്ഷാ പ്രശ്നം മുൻനിർത്തി പ്രമുഖരായ 10 താരങ്ങളില്ലാതെയാണ് ശ്രീലങ്ക പാകിസ്താനിലേക്ക് വണ്ടി കയറിയത്. നായകന് ലസിത് മലിംഗ, മുന്‍ നായകന് ആഞ്ചലോ മാത്യൂസ്, തിസാര പെരേര, ദിനേഷ് ചണ്ടിമാൽ, സുരംഗ ലക്മൽ, കുശാൽ പെരേര തുടങ്ങിയവർ ഉള്‍പ്പെടെയുള്ളവരാണ് പര്യടനത്തിൽ നിന്ന് വിട്ടുനിന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here