ദക്ഷിണാഫ്രിക്കക്ക് ബാറ്റിംഗ് തകർച്ച; മൂന്ന് വിക്കറ്റുകൾ നഷ്ടം

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ദക്ഷിണാഫ്രിക്കക്ക് ബാറ്റിംഗ് തകർച്ച. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ദക്ഷിണാഫ്രിക്ക മൂന്നു വിക്കറ്റ് നഷ്ടത്തിൽ 36 റൺസെന്ന നിലയിൽ പതറുകയാണ്. രണ്ട് വിക്കറ്റെടുത്ത ഉമേഷ് യാദവാണ് ദക്ഷിണാഫ്രിക്കൻ ടോപ്പ് ഓർഡറിനെ തകർത്തത്. അവശേഷിക്കുന്ന ഒരു വിക്കറ്റ് മുഹമ്മദ് ഷമി വീഴ്ത്തി.
ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് സ്കോറായ 601ന് മറുപടി ബാറ്റിംഗിനിറങ്ങിയ പ്രോട്ടീസിന് രണ്ടാം ഓവറിൽ തന്നെ എയ്ഡൻ മാർക്രത്തെ (0) നഷ്ടമായി. മാർക്രത്തെ ഉമേഷ് വിക്കറ്റിനു മുന്നിൽ കുരുക്കി. നാലാം ഓവറിൽ ഡീൽ എൽഗറും (6) പുറത്തായി. എൽഗറിനെ ഉമേഷ് ക്ലീൻ ബൗൾഡാക്കുകയായിരുന്നു. 10ആം ഓവറിൽ ടെംബ ബാവുമയെ (8) സാഹയുടെ കൈകളിലെത്തിച്ച ഷമി മത്സരത്തിൽ തൻ്റെ ആദ്യ വിക്കറ്റ് വീഴ്ത്തി.
രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ 20 റൺസുമായി തിയൂനിസ് ഡിബ്രുയിനും രണ്ട് റൺസുമായി ആൻറിച് നോർദെയുമാണ് ദക്ഷിണാഫ്രിക്കക്കായി ക്രീസിലുള്ളത്.
നേരത്തെ, ക്യാപ്റ്റൻ വിരാട് കോലിയുടെ ഇരട്ട സെഞ്ചുറിയാണ് ഇന്ത്യയെ കൂറ്റൻ സ്കോറിലെത്തിച്ചത്. കോലി 254 റൺസ് നേടി പുറത്താവാതെ നിന്നു. മായങ്ക് അഗർവാൾ ഇന്ത്യക്കായി സെഞ്ചുറി നേടിയിരുന്നു. അജിങ്ക്യ രഹാനെ, ചേതേശ്വർ പൂജാര, രവീന്ദ്ര ജഡേജ എന്നിവർ അർധസെഞ്ചുറികളും നേടി. കഗീസോ റബാഡ ദക്ഷിണാഫ്രിക്കക്കായി മൂന്നു വിക്കറ്റുകൾ വീഴ്ത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here