പാതിയും പവലിയനിൽ; ദക്ഷിണാഫ്രിക്കക്ക് ഫോളോ ഓൺ ഭീഷണി

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ദക്ഷിണാഫ്രിക്ക ഫോളോ ഓൺ ഭീഷണിയിൽ. ഇന്ത്യയുടെ 601 റൺസ് പിന്തുടർന്നിറങ്ങിയ ഇന്ത്യക്ക് 72 റൺസെടുക്കുന്നതിനിടെ അഞ്ചു വിക്കറ്റുകൾ നഷ്ടമായിക്കഴിഞ്ഞു. ഉമേഷ് യാദവും മുഹമ്മദ് ഷമിയും ചേർന്നാണ് ദക്ഷിണാഫ്രിക്കയെ തകർത്തെറിഞ്ഞത്.
മൂന്നു വിക്കറ്റിന് 36 എന്ന നിലയിൽ മൂന്നാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കക്ക് ഏറെ വൈകാതെ തന്നെ നൈറ്റ് വാച്ച്മാൻ ആൻറിച് നോർദേയെ നഷ്ടമായി. നോർദെയെ കോലിയുടെ കൈകളിലെത്തിച്ച ഷമി മൂന്നാം ദിവസത്തിലെ ആദ്യ വിക്കറ്റ് കുറിച്ചു. ഒരുവശത്ത് വിക്കറ്റുകൾ വീഴുമ്പോഴും പിടിച്ചു നിന്ന് മനോഹരമായി ബാറ്റ് ചെയ്ത തിയൂനിസ് ഡിബ്രുയിനായിരുന്നു അടുത്ത ഇര. ഡിബ്രുയിനെ ഉമേഷിൻ്റെ പന്തിൽ സാഹ കൈപ്പിടിയിലൊതുക്കി.
ഒടുവിൽ വിവരം ലഭിക്കുമ്പോൾ ദക്ഷിണാഫ്രിക്ക അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 72 റൺസെടുത്തിട്ടുണ്ട്. ഫാഫ് ഡുപ്ലെസി (16), ക്വിൻ്റൺ ഡികോക്ക് (9) എന്നിവരാണ് ക്രീസിൽ.
നേരത്തെ, ക്യാപ്റ്റൻ വിരാട് കോലിയുടെ ഇരട്ട സെഞ്ചുറിയാണ് ഇന്ത്യയെ കൂറ്റൻ സ്കോറിലെത്തിച്ചത്. കോലി 254 റൺസ് നേടി പുറത്താവാതെ നിന്നു. മായങ്ക് അഗർവാൾ ഇന്ത്യക്കായി സെഞ്ചുറി നേടിയിരുന്നു. അജിങ്ക്യ രഹാനെ, ചേതേശ്വർ പൂജാര, രവീന്ദ്ര ജഡേജ എന്നിവർ അർധസെഞ്ചുറികളും നേടി. കഗീസോ റബാഡ ദക്ഷിണാഫ്രിക്കക്കായി മൂന്നു വിക്കറ്റുകൾ വീഴ്ത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here