സച്ചിന്റെ ഒരു റെക്കോർഡ് കൂടി പഴങ്കഥയാക്കി കോലി

മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെണ്ടുൽക്കറുടെ ഒരു റെക്കോർഡ് കൂടി പഴങ്കഥയാക്കി ഇന്ത്യൻ നായകൻ വിരാട് കോലി. ഏറ്റവും വേഗത്തിൽ 21000 റൺസ് എന്ന റെക്കോർഡാണ് കോലി സ്വന്തം പേരിലാക്കിയത്. രണ്ടാം ടെസ്റ്റിൻ്റെ ആദ്യ ഇന്നിംഗ്സിൽ ഇരട്ടസെഞ്ചുറി അടിച്ചതോടെയാണ് കോലി ഈ നേട്ടത്തിലെത്തിയത്.
435 ഇന്നിംഗ്സുകളിൽ നിന്നാണ് കോലി 21000 റൺസ് തികച്ചത്. സച്ചിൻ ഈ നേട്ടത്തിലേത്താൻ 473 ഇന്നിംഗ്സുകളെടുത്തു. ടെസ്റ്റ് ശരാശരിയിലും കോലി സച്ചിനെക്കാൾ ബഹുദൂരം മുന്നിലാണ്. കോലിയുടെ ശരാശരി 57.13ഉം സച്ചിൻ്റെ ശരാശരി 49.24ഉം ആണ്. 21000 റൺസ് തികയ്ക്കുമ്പോൾ സച്ചിന് 65 സെഞ്ചുറികളാണ് ഉണ്ടായിരുന്നത്. കോലിക്ക് 69 സെഞ്ചുറികളുണ്ട്.
മത്സരത്തിൽ ഇന്ത്യയുടെ ആധിപത്യമാണ് കാണാൺ കഴിയുന്നത്. ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് സ്കോറായ 601ന് മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തകർച്ച നേരിടുകയാണ്. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ദക്ഷിണാഫ്രിക്ക മൂന്നു വിക്കറ്റ് നഷ്ടത്തിൽ 36 റൺസെന്ന നിലയിൽ പതറുകയാണ്. രണ്ട് വിക്കറ്റെടുത്ത ഉമേഷ് യാദവാണ് ദക്ഷിണാഫ്രിക്കൻ ടോപ്പ് ഓർഡറിനെ തകർത്തത്. അവശേഷിക്കുന്ന ഒരു വിക്കറ്റ് മുഹമ്മദ് ഷമി വീഴ്ത്തി.
നേരത്തെ, ക്യാപ്റ്റൻ വിരാട് കോലിയുടെ ഇരട്ട സെഞ്ചുറിയാണ് ഇന്ത്യയെ കൂറ്റൻ സ്കോറിലെത്തിച്ചത്. കോലി 254 റൺസ് നേടി പുറത്താവാതെ നിന്നു. മായങ്ക് അഗർവാൾ ഇന്ത്യക്കായി സെഞ്ചുറി നേടിയിരുന്നു. അജിങ്ക്യ രഹാനെ, ചേതേശ്വർ പൂജാര, രവീന്ദ്ര ജഡേജ എന്നിവർ അർധസെഞ്ചുറികളും നേടി. ദക്ഷിണാഫ്രിക്കക്കായി കഗീസോ റബാഡ മൂന്നു വിക്കറ്റുകൾ വീഴ്ത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here