‘പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നു’; പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതിയതിനെ കുറിച്ച് നസീറുദ്ദീൻ ഷാ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന കത്തെഴുതിയ സാംസ്‌കാരിക പ്രവർത്തകർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്ത പൊലീസ് നടപടിയിൽ പ്രതികരണവുമായി നടൻ നസീറുദ്ദീൻ ഷാ. മുൻ നിലപാടിൽ ഉറച്ച് നിൽക്കുന്നതായി പറഞ്ഞ ഷാ പറയേണ്ട കാര്യങ്ങൾ തന്നെയാണ് കത്തിലൂടെ പറഞ്ഞതെന്നും കൂട്ടിച്ചേർത്തു. മുംബൈയിൽ നടന്ന ഇന്ത്യ ഫിലിം പ്രൊജക്ടിന്റെ ഒമ്പതാം എഡിഷനിൽ ആനന്ദ് തിവാരിയുമായി നടത്തിയ സംഭാഷണത്തിലാണ് നസീറുദ്ദീൻ ഷാ ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തെ നിലവിലെ സാമൂഹിക-രാഷ്ട്രീയ അവസ്ഥയെക്കുറിച്ചുള്ള സ്വന്തം നിലപാടുകൾ സിനിമാ മേഖലയിലെ ബന്ധത്തെയോ വളർച്ചയെയോ ഏതെങ്കിലും രീതിയിൽ ബാധിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് തനിക്ക് സിനിമാ വ്യവസായവുമായി അടുത്തബന്ധം ഒരു സാഹചര്യത്തിലും ഉണ്ടായിട്ടില്ലെന്ന് ഷാ പറഞ്ഞു. ഉണ്ടെങ്കിൽ തന്നെ അതൊന്നും തന്റെ നിലപാടുകളെ ബാധിച്ചതായി തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഏറ്റവും മികച്ച സമയങ്ങളിൽ പോലും ജോലി ലഭിക്കാതിരുന്ന സാഹചര്യം ഉണ്ടായിരുന്നെന്നും ഷാ വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ചയായിരുന്നു ബിഹാറിലെ മുസാഫർപൂരിൽ സംവിധായകരായ അപർണ സെൻ, അടൂർ ഗോപാലകൃഷ്ണൻ, എഴുത്തുകാരനും കോളമിസ്റ്റുമായ രാംചന്ദ്ര ഗുഹ എന്നിവരുൾപ്പെടെ കലാ സാംസ്‌ക്കാരി രംഗത്തെ പ്രമുഖർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തത്. സംഭവം വിവാദമായതിന് പിന്നാലെ കേസ് അവസാനിപ്പിക്കാൻ ബിഹാർ പൊലീസ് ഉത്തരവിട്ടിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here