ബിജെപി പ്രാദേശിക നേതാവിനെ അജ്ഞാതര്‍ വെടിവച്ചുകൊന്നു

പശ്ചിമ ബംഗാളില്‍ ബിജെപിയുടെ പ്രാദേശിക നേതാവിനെ അജ്ഞാതര്‍ വെടിവച്ചുകൊന്നു. ബിജെപിയുടെ നാദിയ ജില്ലയിലെ പ്രാദേശിക നേതാവ് ഹരലാ ദേവ്നാഥാണ് കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച രാത്രിയോടെ തന്റെ പലചരക്ക് കടയ്ക്കു മുമ്പില്‍ നില്‍ക്കുമ്പോഴാണ് ഹരലാ ദേവ്നാഥിന് വെടിയേറ്റത്. തൃണമൂല്‍ കോണ്‍ഗ്രസാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ബിജെപി ജില്ലാ പ്രസിഡന്റ് ഡോ. മനോബേന്ദ്ര റോയി ആരോപിച്ചു. ഭാര്യയുടെ മുമ്പില്‍ വച്ചാണ് വെടിയേറ്റതെന്നും അദ്ദേഹം പറഞ്ഞു.
രാത്രി പത്തുമണിയോടെ പലചരക്ക് കട അടയ്ക്കാന്‍ തുടങ്ങുകയായിരുന്നു ഹരലാ ദേവ്നാഥ്. ഈ സമയം കടയിലേക്ക് രണ്ടുപേര്‍ എത്തുകയും പലഹാരങ്ങള്‍ ആവശ്യപ്പെടുകയുമായിരുന്നു. ഇവ നല്‍കാനായി പുറത്തേയ്ക്കു വരികയായിരുന്ന ഹരലാ ദേവ്നാഥിനെ ഇവര്‍ തോക്കെടുത്ത് വെടിവയ്ക്കുകയായിരുന്നു.
ഉടനെ ഹരലാ ദേവ്നാഥിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനു മുമ്പില്‍ പ്രതിഷേധം നടത്തി. അന്വേഷം നടന്നുവരികയാണെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here