Advertisement

സാമ്പത്തികമാന്ദ്യം: വിഷാദം മാറാൻ ഇന്ത്യക്കാർ തിയേറ്ററുകളിലേക്കോ? പിവിആറിന്റെ കണ്ടെത്തൽ

October 13, 2019
1 minute Read

ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ നേടിയ ജനപ്രീതി തിയേറ്റർ വ്യവസായത്തെ ദോഷകരമായി ബാധിക്കുമെന്ന വിലയിരുത്തൽ നേരത്തെ ഉണ്ടായിരുന്നു പക്ഷെ ജൂണിൽ ബോളിവുഡ് റിലീസ് കബീർ സിംഗിന്റെ വരവോടെ കാര്യങ്ങൾ മാറിമറിഞ്ഞു.

രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്നും സിനിമകൾ നേടുന്ന ഉയർന്ന കളക്ഷൻ ഇതിന്റെ തെളിവാണെന്നുമുള്ള കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദിന്റെ പ്രാസ്തവന വിവാദമായിരുന്നു. ദേശീയ അവധി ദിനമായിരുന്ന ഒക്ടോബർ രണ്ടിന് റിലീസ് ചെയ്യപ്പെട്ട മൂന്ന് സിനിമകൾ ചേർന്ന് നേടിയ തീയേറ്റർ കളക്ഷൻ 120 കോടിയാണെന്നും മാന്ദ്യം ഇല്ലെന്നതിന്റെ തെളിവാണ് ഇതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം.
എന്നാൽ വിവാദമായതിന് പിന്നാലെ ഈ പ്രസ്താവന അദ്ദേഹം പിൻവലിക്കുകയും ചെയ്തു.

എന്നാൽ മാന്ദ്യകാലത്തിലൂടെ കടന്നുപോകുമ്പോൾ സിനിമകൾ നേടുന്ന കളക്ഷൻ അദ്ദേഹം പറയുന്ന പോലെ ആണെന്നാണ് രാജ്യത്തെ പ്രമുഖ മൾട്ടിപ്ലെക്സ് ശൃംഖലയായ പിവിആറും കണ്ടെത്തിയിരിക്കുന്നത്.

രാജ്യം സാമ്പത്തികമാന്ദ്യത്തിലൂടെ കടന്നുപോകുമ്പോൾ ആളുകൾ തീയേറ്ററുകളിലേക്ക് കൂടുതലായി എത്തിക്കൊണ്ടിരിക്കുകയാണെന്ന് പിവിആറിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കമൽ ഗ്യാൻചന്ദാനി ബ്ലൂംബെർഗിനോട് പറഞ്ഞു. ‘സാമ്പത്തിക മാന്ദ്യം തീയേറ്റർ വ്യവസായത്തെ സഹായിക്കുകയാണെന്നാണ് എന്റെ തോന്നൽ. പൊതുവിൽ ഒരു നെഗറ്റിവിറ്റി സമൂഹത്തിലുണ്ട്. അതിൽനിന്ന് ആളുകൾക്ക് രക്ഷ നേടണം. അതിനായി അവർ സിനിമാ തിയറ്ററുകളെ ആശ്രയിക്കുന്നു’, ഗ്യാൻചന്ദാനി പറയുന്നു.

ക്രിക്കറ്റ് ലോകകപ്പ് നടന്ന മാസങ്ങളിൽ തങ്ങളുടെ മൾട്ടിപ്ലെക്സ് ശൃംഖലയിൽ അടക്കം പ്രേക്ഷകരുടെ കുറവുണ്ടായിരുന്നുവെന്നും ഗ്യാൻചന്ദാനി പറയുന്നു. ‘നെറ്റ്ഫ്ളിക്സും ആമസോൺ പ്രൈമും അടക്കമുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ നേടിയ ജനപ്രീതി തീയേറ്റർ വ്യവസായത്തെ ദോഷകരമായി ബാധിച്ചേക്കുമെന്ന വിലയിരുത്തൽ ഉണ്ടായിരുന്നു. എന്നാൽ കബീർ സിംഗിന്റെ വരവോടെ കാര്യങ്ങൾ മാറി’. ചെറിയ ബജറ്റിൽ, വലിയ താരമൂല്യമില്ലാത്ത അഭിനേതാക്കൾ എത്തുന്ന സിനിമകൾക്കുപോലും ഇപ്പോൾ പ്രതീക്ഷിക്കാത്ത തരത്തിൽ പ്രേക്ഷകരെ ലഭിക്കുന്നുവെന്നും പിവിആർ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പറഞ്ഞു.

പിവിആറും മറ്റൊരു പ്രധാന മൾട്ടിപ്ലെക്സ് ശൃംഖലയായ ഐനോക്സ് ലെയ്ഷേഴ്സും ഓഹരിവിപണിയിൽ ഈ കാലയളവിൽ പ്രകടനം മെച്ചപ്പെടുത്തിയെന്നും ബ്ലൂംബെർഗ് റിപ്പോർട്ടിലുണ്ട്. സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ പിവിആറിന്റെ സ്‌ക്രീനുകളിൽ 20 ശതമാനം കാണികളാണ് വർധിച്ചതെന്നും അത് അതുപോലെ തുടരാനാണ് സാധ്യതയെന്നുമെന്നാണ് പിവിആർ സിഇഒ പറയുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top